കൊച്ചി: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് ഒരു വിദേശി കൂടി. ഹെയ്തി ദേശീയ താരവും 22 കാരനുമായ ഡക്കന്‍സ് മോസസ് നാസോണ്‍ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞജേഴ്‌സിയില്‍ അണിചേരാനെത്തുന്നത്. പോര്‍ച്ചുഗീസ് ക്ലബ് സിഡി ടോണ്‍ഡേലയില്‍ നിന്നാണ് ഡക്കന്‍സ് ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. ടീമിലെത്തുന്ന രണ്ടാമത്തെ ഹെയ്തി താരമാണ് നാസോണ്‍. നേരത്തെ മറ്റൊരു സ്‌ട്രൈക്കറായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.
2014 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ ഡക്കന്‍സ് 2015ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരത്തിലും കളിച്ചു. നാസോണിന്റെ മികവിലായിരുന്നു ഹെയ്തി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. 15 കളികളില്‍ നിന്ന് നാല് രാജ്യാന്തര ഗോളുകളാണ് ഡക്കന്‍സിന്റെ അക്കൗണ്ടിലുള്ളത്.
”ഡക്കന്‍സിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്” കോച്ച് സ്റ്റീവ് കോപ്പല്‍. യുവത്വവും പ്രതിഭയും ഒത്തിണിങ്ങിയ ഡക്കന്‍സിന്റെ സാന്നിധ്യം മുന്നേറ്റനിരയ്‌ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.
















