ബിസിനസ് നടത്തുന്നത് ലാഭത്തിനുവേണ്ടി മാത്രമല്ലെന്ന് കരുതുന്നയാളാണ് പത്മശ്രീ അഡ്വ. സി.കെ.മേനോന്. ബിസിനസ്സിലെ വിജയം തന്റെ മാത്രം കഴിവുകൊണ്ടല്ല. പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുമ്പോഴും ഉള്ളില്‍ യഥാര്‍ത്ഥ മനുഷ്യനായി തുടരാനാണ് ഇഷ്ടം. തെളിനീരുറവപോലെ മനസ്സിനെ ആര്‍ദ്രമാക്കുന്ന കാരുണ്യദര്‍ശനമാണ് ജീവിതത്തിന്റെ തിളക്കവും. പതിറ്റാണ്ടുകളുടെ കഠിന പരിശ്രമമുണ്ട്, വിജയത്തിന് പിന്നില്‍. ദൈവാനുഗ്രഹവും തുണയായെന്ന് വിശ്വസിക്കാനാണ് സി.കെ.മേനോന് ഇഷ്ടം.
ഏഴു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ്സ് സാമ്രാജ്യം. ലോകത്തെ സമ്പന്നരാജ്യമായ ഖത്തര്‍ ഭരണാധികാരികള്‍ ബിസിനസ്സ് പങ്കാളികള്‍. രാജ്യത്തെ പരമോന്നത ഭരണസിരാകേന്ദ്രങ്ങളില്‍ സ്വതന്ത്രമായി കടന്നുചെല്ലാനാവുന്നത്ര സ്വാതന്ത്ര്യവും അംഗീകാരവും. ഇതെല്ലാം സി.കെ.മേനോനെ വിനയാന്വിതനാക്കുന്നു. വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു ഈ ബിസിനസ് സമ്രാട്ട്.
ആരാധനാലയങ്ങളില്‍ പൊന്നുകൊണ്ട് തുലാഭാരം നടത്തുന്നതിനേക്കാള്‍ തനിക്കിഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്ന തുക വര്‍ദ്ധിക്കുകയാണ്. ഇതുകൊണ്ട് ഒരുതരത്തിലും നഷ്ടമില്ല. ഖേദവുമില്ല. എത്രകണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നുവോ അത്രകണ്ട് ഈശ്വരകൃപ തേടിയെത്തുന്നു. ബിസിനസ്സിലായാലും ജീവിതത്തിലായാലും.
തൃശൂരില്‍ ചേരിനിവാസികള്‍ക്കായി നൂറ് വീടുകള്‍ പണിത് നല്കിയതും കേരള സര്‍ക്കാരിന്റെ ലക്ഷംവീട് പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ വച്ചുനല്കിയതും സി.കെ.മേനോന്റെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ ഉദാഹരണങ്ങളാണ്. അദ്ദേഹം പഠിച്ച തൃശൂരിലെ സിഎംഎസ് വിദ്യാലയത്തിന് പുതിയ കെട്ടിടം പണിതു നല്കി. ഒട്ടേറെപ്പേര്‍ക്കാണ് പ്രതിവര്‍ഷം ചികിത്സാധനസഹായമായി ലക്ഷങ്ങള്‍ നല്‍കുന്നത്.
ഖത്തര്‍ കേന്ദ്രമാക്കിയുള്ള ബഹ്സാദ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് പത്മശ്രീ അഡ്വ. സി.കെ.മേനോന്. ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടണ്, സുഡാന്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം. പെട്രോളിയം ഉത്പന്നങ്ങളുടെ ട്രാന്‍സ്പോര്‍ട്ടിങ്, സ്റ്റീല്‍ മാനുഫാക്ചറിങ്, എഞ്ചിനീയറിങ് ഉപകരണങ്ങളുടെ നിര്‍മാണം എന്നിവയാണ് ബഹ്സാദ ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തന മേഖല.
നരേന്ദ്രമോദിയുടെ ആരാധകന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണ് സി.കെ.മേനോന്. നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെപ്പറ്റിപറയുമ്പോള് മേനോന് ആവേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 20-25 ശതമാനത്തോളം ഭാരതീയര്‍ അടുത്തുതന്നെ മടങ്ങും. ഇവര്‍ക്ക് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രയോജനപ്പെടും. ദീര്‍ഘദൃഷ്ടിയോടെ നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതി ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സി.കെ.മേനോന് പറയുന്നു. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു നമ്മുടെ രാജ്യത്തിന് ഇതുപോലൊരു ഊര്‍ജ്ജസ്വലനായ പ്രധാനമന്ത്രിയെക്കിട്ടാന്‍. പ്രവാസി സമൂഹവും ബിസിനസ് ലോകവും മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ നോക്കുന്നു. ഭാരതത്തില്‍ പരിവര്‍ത്തനത്തിന്റെ കാലമാണ്.
ഓയില്‍ വിലത്തകര്‍ച്ച ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പിന് കോട്ടം ഉണ്ടാക്കില്ല. അവര്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത് ഇപ്പോള്‍ അവിടെയുള്ള പ്രവാസി ഭാരതീയരില്‍ 20-25 ശതമാനം തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. സൗദി അറേബ്യയെയാണ് ഇത് ബാധിക്കുക. ദുബായ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ജോലിചെയ്യുന്നവരെ ഇത് ബാധിച്ചേക്കാം.
കേരളത്തിനുവേണ്ടി
സ്വന്തംനാടായ തൃശൂരില്‍ വന്‍മുതല്‍മുടക്കിന് ഒരുങ്ങുകയാണ് സി.കെ.മേനോന്. 500കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബോര്‍ഡിങ് സ്കൂള്‍, കണ്വെന്ഷന് സെന്റര്‍ എന്നിവയാണ് ഒരുങ്ങുന്നത്. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഉണ്ടാകും. ഇവിടെ പഠിക്കുന്നവര്‍ക്ക് ഉപരിപഠനത്തിന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ അവസരമൊരുക്കും. സ്കൂളിനോട് ചേര്‍ന്നുതന്നെ നാലായിരം പേര്‍ക്കിരിക്കാവുന്ന കണ്വെന്ഷന് സെന്ററും നൂറ് മുറികളുള്ള പഞ്ചനക്ഷത്ര റസിഡന്‍സിയുമാണ് പദ്ധതിയില്‍. ഇതിനായി മണ്ണുത്തിക്കടുത്ത് സ്ഥലം കണ്ടെത്തി. പദ്ധതി അന്തിമ ചര്‍ച്ചയിലാണ്-മേനോന് പറഞ്ഞു. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കും നേതൃത്വം നല്കി ഭാര്യ ജയശ്രീ മേനോനും കൂടെയുണ്ട്.
കേരളത്തില്‍ എഞ്ചിനീയറിങ്-നിര്‍മാണ വ്യവസായങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടത്. പരിസ്ഥിതി മലിനമാക്കാനും പാടം നികത്താനും താല്പര്യമില്ല.
നോര്‍ക്കയുടെ വൈസ് ചെയര്മാന്
ബിസിനസ് ലോകത്തെ തിരക്കുകള്‍ക്കിടയില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കും പരിഗണന നല്കുന്നു. നോര്‍ക്കയുടെ വൈസ് ചെയര്മാന് എന്ന നിലയില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സദാ കര്‍മ്മനിരതനാണ്. ഗള്‍ഫില്‍ അറസ്റ്റിലായ പ്രമുഖ വ്യാപാരി അറ്റ്ലസ് രാമചന്ദ്രനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനായി ശ്രമം നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവാസികള്‍ക്ക് താങ്ങും തണലുമാണ് സി.കെ.മേനോന്. ഗള്‍ഫില്‍ നിന്ന് മടങ്ങിപ്പോരുന്നവര്‍ക്ക് പുനരധിവാസത്തിനായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ മേനോന്
ആഗോള വ്യവസായ സാമ്രാജ്യത്തിന്റെ തലവനായി ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പറന്ന് നടക്കുമ്പോഴും നാട്ടിലെത്തിയാല്‍ നാട്ടുകാരുടെ സ്വന്തം മേനോനാണിദ്ദേഹം. പൂരത്തിനും ഉത്സവങ്ങള്‍ക്കും മേനോന്റെ സാന്നിദ്ധ്യം നാട്ടുകാര്‍ക്ക് ഒരനുഗ്രഹമാണ്. സന്തോഷവും. വെള്ളമുണ്ടും ഷര്‍ട്ടും വള്ളിച്ചെരുപ്പും ധരിച്ച് സാധാരണക്കാരിലൊരാളായി ക്ഷേത്രമുറ്റങ്ങളില്‍ അദ്ദേഹത്തെ കാണാം. വാക്കുകളിലും പെരുമാറ്റത്തിലും ലാളിത്യം. അതാണ് മേനോനെ വ്യത്യസ്തനാക്കുന്നത്. പുളിയംകോട്ട് നാരായണന്‍നായരുടേയും ചേരില്‍
കാര്‍ത്യായനിഅമ്മയുടേയും മകനായി 1949ല്‍ തൃശൂരില്‍ ജനിച്ച കൃഷ്ണമേനോന് ഇന്നത്തെ പത്മശ്രീ സി.കെ.മേനോന് ആയതിന് പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ വിജയഗാഥയാണുള്ളത്. വരുംതലമുറയ്ക്ക് നല്‍കാനുള്ള അദ്ദേഹത്തിന്റെ സന്ദേശവും ഇതുതന്നെ. വിജയത്തിന് കുറുക്കുവഴികളില്ല. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. “Miles to go before I sleep and Miles to go before I sleep” താല്‍ക്കാലിക നേട്ടങ്ങള്‍കൊണ്ട് സംതൃപ്തിപ്പെടുകയോ അവിടെ നില്‍ക്കുകയോ ചെയ്യരുത്. കഠിനാദ്ധ്വാനം തുടരണം. അപ്പോഴാണ് വിജയം നിങ്ങളെ തേടിവരിക.
കഠിനാദ്ധ്വാനത്തിനൊപ്പം അര്‍പ്പണ മനോഭാവം ചേരുമ്പോള്‍ വിജയം ഉറപ്പ്. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു സി.കെ.മേനോന്. പുതിയ തലമുറ സത്യസന്ധതയ്ക്ക് പ്രാധാന്യം നല്‍കണം. ഗുഡ്വില് നിലനിര്‍ത്തുന്നത് സത്യസന്ധതയാണ്. രാത്രി ഉറക്കത്തില്‍പ്പോലും വിളിച്ച് ബിസിനസ് നല്കുന്നവരുണ്ട്. ഇത് സത്യസന്ധതകൊണ്ടും വിശ്വാസ്യതകൊണ്ടും നേടിയെടുത്ത അംഗീകാരമാണ്. ബിസിനസ്സില്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനായാല്‍ ദൈവാനുഗ്രഹം തനിയെ ഉണ്ടാകും.
രാഷ്ട്രീയം സമൂഹ നന്മയ്ക്ക്
മകന് ജയകൃഷ്ണന് മേനോന് ബിസിനസ് കാര്യങ്ങള്‍ ഏറ്റെടുത്തു. സഹായത്തിന് ഒരാളായതില്‍ ആശ്വാസമുണ്ട്. പെണ്മക്കളായ അഞ്ജന, ശ്രീരഞ്ജിനി എന്നിവരുടെ വിവാഹം കഴിഞ്ഞു. പദവികളും അംഗീകാരങ്ങളും തേടിപ്പോകാറില്ല സി.കെ.മേനോന്. 2009ല്‍ രാജ്യം പത്മശ്രീ നല്കി മേനോനെ ആദരിച്ചു. 2006ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരവും മേനോനെ തേടിയെത്തി. സ്ഥാനപതിയാകാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിളിവന്നതാണ്. പറന്നു നടക്കുന്ന താന്‍ ഏതെങ്കിലും രാജ്യത്ത് കുടുങ്ങിപ്പോകുമെന്ന ഭയം മേനോനെ അതേറ്റെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. രാഷ്ട്രീയ രംഗത്ത്നിന്ന് മാറിനില്‍ക്കുന്ന സ്വഭാവമില്ല. തനിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഉത്തരവാദിത്തമാണെങ്കില്‍ അതേറ്റെടുക്കാന്‍ തയ്യാറാണ്. ബിസിനസ് രംഗംപോലെ രാഷ്ട്രീയവും സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന പക്ഷക്കാരനാണ് സി.കെ.മേനോന്. എറണാകുളത്ത് രവിപുരത്തുള്ള വസതിയില്‍ സി.കെ.മേനോന് എത്തിയാല്‍ കാണാന്‍ ധാരാളം പേര് വരും. അതില്‍ വെറുതെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ വരുന്ന നാട്ടുകാരുണ്ട്, ബിസിനസ് ചര്ച്ചകള്ക്കായെത്തുന്നവരുണ്ട്, സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് വരുന്നവരുണ്ട്. എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു സി.കെ.മേനോനും ജയശ്രീമേനോനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: