ദേവികുളം: ക്ഷേത്രഭൂമി കയ്യേറിയതിനെതിരെ നിലപാടെടുത്ത ദേവസ്വം ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി. ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ബോര്‍ഡിന്റെ സ്ഥലമാണ് സിപിഎം നേതാക്കളുടെ സഹായത്തോടെ കയ്യേറാന്‍ ശ്രമം നടത്തുന്നത്.
ഇതിനെതിരെ നിലപാടെടുത്ത സുരേഷ് എന്ന ജീവനക്കാരനെതിരെയാണ് ദേവികുളം പോലീസ് കള്ളക്കേസെടുത്തിരിക്കുന്നത്. പതിനെട്ടരയേക്കര്‍ വസ്തുവാണ് ദേവസ്വം ബോര്‍ഡിന് ദേവികുളത്തുള്ളത്. ഈ വസ്തുവില്‍ അഞ്ച് കയ്യേറ്റക്കാര്‍ താമസിക്കുന്നുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂട്ടായ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതില്‍ ഒരു കയ്യേറ്റക്കാരന്‍ കയ്യേറിയ ഭൂമി മൂന്നാറിലെ പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിന് കൈമാറി. പട്ടയമില്ലാത്ത വസ്തുവായതിനാല്‍ പണം വാങ്ങി വസ്തു കൈമാറുകയാണ് ചെയ്തത്. ഈ വസ്തുവില്‍ സിപിഎം നേതാവിന്റെ ബന്ധു റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ദേവസ്വം വാച്ചര്‍ സുരേഷ് സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ റിസോര്‍ട്ട് നിര്‍മ്മാണം തടസപ്പെട്ടു.
ഇക്കാരണത്താല്‍ ദേവസ്വം വാച്ചര്‍ സുരേഷിനെതിരെ സിപിഎം ഭീഷണി ഉയര്‍ത്തിയിരുന്നു. ക്ഷേത്ര ഭൂമി കയ്യേറിയ സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി. ഇതേത്തുടര്‍ന്നാണ് സുരേഷിനെതിരെ ക്ഷേത്രത്തിന്റെ ഭൂമിയില്‍ താമസിക്കുന്ന യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ദേവികുളം പോലീസ് കേസെടുത്തിരിക്കുന്നത്. ജാതിപ്പേര് വിളിച്ചെന്ന് പ്രചരിപ്പിച്ച് കേസെടുക്കാനും സിപിഎം നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ക്ഷേത്ര ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ പേടിക്കുകയാണ്. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ് ദേവികുളം പോലീസ്. ജീവനക്കാരന് സംരക്ഷണം ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
















