ചവറ: പന്മനയില്‍ വീടുകയറി നടന്ന അക്രമത്തില്‍ വാതിലും ജനാലകളും തകര്‍ത്തതായി പരാതി. പന്മന ചോലയില്‍ ഭാഗത്ത് പാപ്പാഴത്ത് പടിഞ്ഞാറ്റതില്‍ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് അക്രമം നടത്തിയത്. വീടിന്റെ മുന്‍വശത്തെ ഫൈബര്‍ ഡോര്‍, ജനാലയുടെ ഗ്ലാസുകള്‍ എന്നിവയാണ് തകര്‍ത്തത്. സംഭവ സമയത്ത് രാധാകൃഷ്ണനും ഭാര്യയും മകനും വീട്ടിലില്ലായിരുന്നു. രാധാകൃഷ്ണന്റെ വൃദ്ധയായ മാതാവ് ജാനകി ഉണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഇവര്‍ പുറത്ത് വന്നപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപെട്ടു. ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. രാവിലെ ബന്ധുക്കളെത്തുമ്പോള്‍ ഭയന്ന് വിറച്ച അവസ്ഥയിലായിരുന്ന വൃദ്ധയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ജാനകിയുടെ പരാതിയില്‍ ചവറ പോലീസ് കേസെടുത്തു.
















