ന്യൂദല്‍ഹി: അശ്ലീല വീഡിയോ വിവാദത്തില്‍ ആം ആദ്മി മന്ത്രി സന്ദീപ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം തെറിച്ച സന്ദീപിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ആം ആദ്മി വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടി ചെയ്ര്‍മാന്‍ അരവിന്ദ് കെജ് രിവാള്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പാര്‍ട്ടി അംഗങ്ങളെ അറിയിച്ചത്. ആം ആദ്മി പാര്‍ട്ടിയേയും പ്രസ്ഥാനത്തേയും സന്ദീപ്കുമാര്‍ വഞ്ചിച്ചതായി സന്ദേശത്തില്‍ പറയുന്നു. പൊതുമര്യാദയ്‌ക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ മന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്നും കെജ് രിവാള്‍ വ്യക്തമാക്കി.
എന്നാല്‍, വിഡിയോയിലും ഫോട്ടോകളിലും ഉള്ളത് താനല്ലെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് സന്ദീപ്കുമാറിന്റെ ആവശ്യം. അശ്ലീല ദൃശ്യങ്ങളില്‍ കാണപ്പെടുന്ന വ്യക്തി താനാണോ എന്ന ചോദ്യത്തിന് അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്ത് വരുമെന്ന് വിശ്വസിക്കുന്നു എന്ന മറുപടിയാണ് സന്ദീപ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.താനാണ് പാര്‍ട്ടിയിലെ ഏക ദലിത് മുഖമെന്നും ദലിത് സമൂഹത്തില്‍ തനിക്കുള്ള സ്വാധീനത്തെ തകര്‍ക്കാനാണ് ഗൂഢാലോചന പ്രകാരം തന്നെ പുറത്താക്കിയത് എന്നും സന്ദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സന്ദീപ്കുമാറും രണ്ട് സ്ത്രീകളുമൊത്തുള്ള വിഡിയോ ദൃശ്യം പുറത്താകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അധികരമേറ്റെടുത്ത ആപ് മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍.
















