കൊച്ചി: മദര്‍ തെരേസയെ വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍, കേരളത്തിലെ സത്യ ക്രിസ്ത്യാനികള്‍ വിശുദ്ധയുടെ പേരില്‍ വിദേശ മദ്യം വാറ്റി, പുറത്തിറക്കി. കാക്കനാട്ടെ പറക്കമുഗളിലെ ദേവികുളം ഡിസ്റ്റിലറീസാണ്, ജോന്‍ ഓഫ് ആര്‍ക്ക് എന്ന പേരില്‍, ബ്രാന്‍ഡി വില്‍ക്കുന്നത്.
മദറിന്റെ പേരിലായിരിക്കുമോ അടുത്ത ബ്രാന്‍ഡ് എന്നു വ്യക്തമല്ല. ഇംഗ്ലണ്ടിനോട് പോരാടി ഫ്രാന്‍സിന് വിജയം നേടാന്‍ പുരുഷവേഷത്തില്‍ പോര്‍ നയിച്ച വനിത ജോന്‍ ഓഫ് ആര്‍ക്ക്, ഫ്രാന്‍സില്‍നിന്നുള്ള വിശുദ്ധയാണ്. നൂറു വര്‍ഷം നീണ്ട യുദ്ധത്തില്‍, ഫ്രാന്‍സിലെ ചാള്‍സ് ഏഴാമന്‍ രാജാവിന് പരാജയം സംഭവിക്കവേയാണ് ജോന്‍, തനിക്ക് വിശുദ്ധരുടെ സ്വപ്‌ന നിര്‍ദ്ദേശം കിട്ടിയെന്നറിയിച്ച് യുദ്ധ സന്നദ്ധയായത്. ഇംഗ്ലണ്ടില്‍നിന്ന് ഓര്‍ലീന്‍സ് നഗരം പിടിച്ചടക്കിയത് ജോന്‍ ആയിരുന്നു. അങ്ങനെ ലേഡി ഓഫ് ഓര്‍ലീന്‍സ് എന്നു പ്രസിദ്ധയായി. പിന്നീട്, ജോനിനെ ഇംഗ്ലണ്ട് പിടികൂടി, ദുര്‍മന്ത്രവാദിനി എന്ന് മുദ്ര കുത്തി, 19-ാം വയസ്സില്‍, വിചാരണ ചെയ്ത് ചുട്ടുകൊന്നു. പുനര്‍വിചാരണയില്‍ ജോന്‍ കുറ്റക്കാരിയല്ലെന്നു കണ്ടു. 1803 ല്‍ നെപ്പോളിയന്‍ ഫ്രാന്‍സിന്റെ പ്രതീകമായി പ്രഖ്യാപിച്ചു. 1909 ല്‍ വാഴ്‌ത്തപ്പെട്ടവളായും 1920 ല്‍ വിശുദ്ധയായും വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍നിന്നുള്ള ഒമ്പതാമത്തെ വിശുദ്ധയാണ് ജോന്‍ ഓഫ് ആര്‍ക്ക്.
സെര്‍ട്ടീന റോയ് വയലാട്ട്, വില്‍ഫ്രഡ് ക്ലൈവ് മെലിനി, വില്‍ഫ്രഡ് ക്ലിന്റ് മാര്‍ട്ടല്‍ എന്നിവരാണ്, ദേവികുളം ഡിസ്റ്റിലറീസ് ഡയറക്ടര്‍മാര്‍-സത്യക്രിസ്ത്യാനികള്‍. 20 കോടി രൂപയാണ് മൂലധനം. കാക്കനാട് കുസുമഗിരി പറക്കമുഗളാണ്, ഓഫീസ്. 78 വര്‍ഷമായി, ഡിസ്റ്റിലറി നിലവിലുണ്ട്.
ദേവികുളം ഡിസ്റ്റിലറീസിനു പുറമെ, വീട്ടീജെ മറീന്‍ പ്രൈവറ്റ് ലിമിറ്റഡ്, വൈസ്‌റോയ് എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വയലാട്ട് എസ്റ്റേറ്റ്‌സ് എന്നിവയുടെയും ഡയറക്ടറാണ്, സെര്‍ട്ടീന.
വില്‍ഫ്രഡ് ക്ലൈവ് മെലിനിയാണ്, ഡിസ്റ്റിലറീസ് എംഡി; ക്ലിന്റ് വൈന്‍സ്, സീസീ ഹോള്‍ഡിംഗ് എന്നിവയില്‍ ഡയറക്ടര്‍. ഇവയില്‍ മൂന്നിലും ഡയറക്ടറാണ്, വില്‍ഫ്രഡ് ക്ലിന്റ്.
തോമസ് വില്‍ഫ്രഡ് തുടങ്ങിയ സീസീ ഹോള്‍ഡിംഗിന്റെ സബ്‌സിഡിയറിയാണ്, ദേവികുളം ഡിസ്റ്റിലറി. ജോസഫ് സ്റ്റാന്‍ലിയില്‍നിന്നാണ്, സെര്‍ട്ടീന എം.ഡി സ്ഥാനമേറ്റത്. ഷിപ്പിംഗ് ഉള്‍പ്പടെ നിരവധി മേഖലകളില്‍ ശതകോടി നിക്ഷേപമുണ്ട്, കമ്പനിക്ക്. ലത്തീന്‍ രൂപതയില്‍ പെട്ടതാണ്, ഈ കുടുംബം. ജോന്‍ ഓഫ് ആര്‍ക്ക് 750 മില്ലി ലിറ്ററിന് വില, 750 രൂപ.
ഈ ഗ്രൂപ്പ് പ്രതിമാസം രണ്ടര ലക്ഷം കെയ്‌സ് മദ്യം കേരളത്തില്‍ വില്‍ക്കുന്നു.
സ്വന്തം നിലയ്‌ക്ക് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) തുടങ്ങിയ ജോസഫ് സ്റ്റാന്‍ലി 2001 ജനുവരി 25 ന് വത്തിക്കാനില്‍നിന്ന്, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയില്‍ നിന്ന് ആശീര്‍വാദം വാങ്ങിയിരുന്നു.
















