ന്യൂദല്‍ഹി: സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂവായിരം വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കും. ഗ്രാമീണ മേഖലയില്‍ 372 കിലോമീറ്റര്‍ പുതിയ പാതകള്‍ നിര്‍മ്മിക്കുന്നതിന് 375 കോടി രൂപയും അനുവദിക്കും. കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്ര സിങ് തോമറുമായി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീല്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുകള്‍ ലഭിച്ചത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കുടിശിക ഉള്‍പ്പെടെയുള്ള വേതനം നല്‍കുന്നതിന് 50 കോടി രൂപ ഓണത്തിന് മുമ്പ് നല്‍കും. ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷന്റെ ഭാഗമായി നെടുമങ്ങാട്, പറവൂര്‍, തലശ്ശേരി, കോട്ടയം ക്ലസ്റ്ററുകള്‍ക്ക് അഞ്ചു കോടി വീതം 20 കോടി രൂപ ആദ്യവും 10 കോടി പിന്നീടും അനുവദിക്കും. ഈ നഗരങ്ങളോട് ചേര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ വികസനത്തിനാണ് തുക വിനിയോഗിക്കുക.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുന്നുണ്ട്. 500 വീടുകളില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ 500 വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അധികം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ട്. കേന്ദ്ര നിബന്ധന അനുസരിച്ച് 4000 വീടുകള്‍ക്ക് 20 ലക്ഷമെന്ന വ്യവസ്ഥ ഇളവ് ചെയ്താണ് കേരളത്തിന്റെ പ്രത്യേക സാമൂഹികാവസ്ഥ കണക്കിലെടുത്ത് തുക അനുവദിക്കുന്നത്.
നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയായ പിഎംകെഎസ്‌വൈക്ക് 158 കോടി രൂപ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ജലീല്‍ പറഞ്ഞു.
















