തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് പ്രതിയായുള്ള കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസുകളില്‍ ഒക്ടോബര്‍ മൂന്നിന് വിശദമായ വാദം കേള്‍ക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ഇരുകക്ഷികളുടെയും സൗകര്യം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
മലയാളവേദി പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് വട്ടുകുളത്തിന്േറതാണ് ഹരജി. കണ്സ്യൂമര്ഫെഡിനുവേണ്ടി പത്തോളം ബോട്ടുകള്‍ വാങ്ങിയതിലെ ക്രമക്കേട്, മദ്യം വാങ്ങിയതിലൂടെ ലഭിച്ച ഇന്‍സെന്റീവിലെ ക്രമക്കേട്, പലചരക്ക്, സ്റ്റേഷനറി, അരി മുതലായവ വാങ്ങിയതിലെ അഴിമതി, പച്ചക്കറി സാധനങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കൊണ്ടുവന്ന സംഭവം, സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനായി 141 വാഹനങ്ങള്‍ നിര്‍മ്മിച്ചതിലെ ക്രമക്കേടുകളും ഉള്‍പ്പെടെ നൂറിലേറെ കോടിയുടെ അഴിമതി നടന്നുവെന്നും, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ വിദേശമദ്യശാലയില്‍ സാമ്പത്തിക തിരിമിറി നടത്തിയെന്ന ആരോപണമുള്പ്പെടുന്ന മറ്റ് കേസുകളുമുള്പ്പെടെയുള്ളവയിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. രണ്ട് തവണയായി അന്വേഷണത്തിന് ഉത്തരവിട്ടതില്‍, ത്വരിതാന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം കോടതിക്ക് ലഭിച്ചു.ഇതിനിടയില്‍ ഹരജിക്കാരന് തെളിവായി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന് നല്കിയ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര് ജയകുമാര്‍, മുന്‍ റീജ്യനല്‍ മാനേജര്‍ എം ഷാജി, മുന്‍ റീജ്യനല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരെയാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതി ചേര്‍ത്തിരിക്കുന്നത്. സി എന്‍ ബാലകൃഷ്ണന് എട്ടാം പ്രതിയാണ്. ആരോപണങ്ങള്‍ സ്ഥിരീകരിച്ചും, ചിലതില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്തുള്ളതുമായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ഫെഡില്‍ 2010 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്റീവിനത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുള്ളത്. മദ്യവില്പന കുതിച്ചുയര്‍ന്നിട്ടും ഇന്‍സെന്റീവില്‍ വലിയ കുറവാണുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2004ല്‍ വിദേശമദ്യവില്പന 221 കോടി രൂപയുടേതായിരുന്നു. സെയില്‍സ് ഇന്്സെന്റീവിനത്തില് ഇക്കാലത്ത് മദ്യക്കമ്പനികള്‍ കണ്സ്യൂമര്്ഫെഡിന് നല്‍കിയത് 75 ലക്ഷം രൂപയാണ്.
എന്നാല്‍ 2010ല്‍ ഇത് ആറ് ലക്ഷമായി കുറഞ്ഞു. 597 കോടി രൂപയുടെ വില്പനയുണ്ടായപ്പോഴാണ് ഇന്‍സെന്റീവ് ക്രമാതീതമായി കുറഞ്ഞത്. 2014ല്‍ വില്പന ഉയര്‍ന്നിട്ടും ഇന്‍സെന്റീവ് ലഭിച്ചത് രണ്ട് ലക്ഷം രൂപയാണ്. 2015ല്‍ ടോമിന് ജെ തച്ചങ്കരി മാനേജിങ് ഡയറക്ടറായി ഇന്‍സെന്റീവായി ലഭിച്ചത് 90 ലക്ഷമായി ഉയര്‍ന്നു. ഇതോടെയാണ്, കണ്‍സ്യൂമര്‍ഫെഡിന് ലഭിക്കേണ്ട ഇന്‍സെന്റീവ് തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് പോയതായി വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവ് രേഖകള്‍ ലഭിക്കാത്തതിനാല്‍ തുടരന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെടുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ ത്രിവേണി വാഹനനിര്മ്മാണത്തിലും ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ഡലത്തിന് ഒന്നെന്ന കണക്കില്‍ 141 വാഹനങ്ങള്‍ ബോഡി കെട്ടുന്നതില്‍, 84 വാഹനങ്ങള്‍ ബോഡി നിര്മ്മാണത്തിനേല്പ്പിച്ചത് തൃശൂര്‍ കേച്ചേരിയിലെ സ്വകാര്യ വര്‍ക്ക് ഷോപ്പിനെയാണ്. 5 കോടി രൂപയുടെ നിര്മ്മാണപ്രവര്ത്തനങ്ങളായിട്ട് പോലും ടെണ്ടര്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. മന്ത്രി അഞ്ചുകോടി കമീഷന് കൈപ്പറ്റി. ഇതില്‍ രണ്ടുകോടി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്റെ വീട്ടില്‍വെച്ച് കൈമാറുന്നത് കണ്ടെന്ന മന്ത്രിയുടെ മുന്‍ പി.എ. ശേഖരന്റെ കത്തും തെളിവായി ഹരജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇത് വ്യാജമാണെന്ന് കാണിച്ച് പി.എ.ശേഖരന് നല്കിയ ഹരജിയാണ് കഴിഞ്ഞ ദിവസം കോടതി തള്ളിയത്.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും അന്വേഷണങ്ങളും നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: