ആലപ്പുഴ: ജില്ലാക്കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖിക ശരണ്യയ്‌ക്കും ഡ്രൈവര്‍ ആഷിക്കിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാല് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ശരണ്യയെ വൈകിട്ട് കോടതി വളപ്പിലേക്കു വിളിച്ചുവരുത്തുകയും വനിതാപോലീസിന്റെ അസാന്നിദ്ധ്യത്തില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തത് മറ്റൊരു വിവാദമായി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ നാലു വകുപ്പുകളാണ് അഭിഭാഷകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ നാലുമണിയോടെയാണ് ശരണ്യയെയും ആഷിക്കിനെയും കോടതിയിലേക്കു പൊലീസ് വിളിച്ചുവരുത്തിയത്. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും വനിതാപോലീസ് ആരുമില്ലായിരുന്നു. ആശുപത്രിയില്‍ നിന്ന് കോടതിയിലെത്തിയ ശരണ്യയും ആഷിക്കും പോലീസിനു മൊഴി നല്‍കുന്നത് അഭിഭാഷകരില്‍ ചിലര്‍ കാമറയില്‍ പകര്‍ത്തി. അതിക്രമത്തിന് ഇരയായ സ്ത്രീയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നത് നിയമവിരുദ്ധമാണെന്നത് അവഗണിച്ചായിരുന്നു പോലീസിന്റെ ഇടപെടല്‍. എന്നാല്‍, അതിക്രമം നടന്ന സ്ഥലം കാട്ടിത്തരാനാണ് ഇരുവരെയും കോടതിയിലേക്കു വിളിപ്പിച്ചതെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.
















