മര്‍ദാന്‍: പാകിസ്ഥാനില്‍ പെഷവാറിന് പിന്നാലെ ഇന്ന് രണ്ടാമതും ഭീകരാക്രമണം. മര്‍ദാനിലെ ജില്ലാ കോടതിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഭിഭാഷകരും പൊലീസുകാരും സാധാരണക്കാരും ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെ പെഷവാറിലെ ക്രിസ്ത്യന്‍ കോളനിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ബോംബ് സ്‌ഫോടനം നടത്തുന്നതിന് മുമ്പ് ആക്രമണം നടത്തിയ ചാവേര്‍ ഗ്രനേഡുകള്‍ എറിഞ്ഞു. ഇന്ന് രാവിലെ തന്നെയാണ് ഇവിടെയും ആക്രമണം നടന്നത്. ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ചീഫ് റെസ്‌ക്യൂ ഓഫീസര്‍ ഹാരിസ് ഹബീബ് പറഞ്ഞു.
52 പേരെ രക്ഷപ്പെടുത്തിയതായും ഹബീബ് പറഞ്ഞു. ഇതുവരെ ഭീകര സംഘടനകളൊന്നും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിക്കം ഏറ്റെടുത്തിട്ടില്ല.
മൂന്നാഴ്ച മുമ്പ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വെറ്റയിലും ഭീകരാക്രമണം നടന്നിരുന്നു. ഇവിടെയും അഭിഭാഷകരെ ലക്ഷ്യം വച്ചായിരുന്നു പ്രധാനമായും ആക്രമണം.
















