കരുനാഗപ്പള്ളി: ചവറ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തേവലക്കര സ്ട്രാറ്റ്‌ഫോര്‍ഡ് പബ്ലിക്‌സ്‌കൂള്‍ ആന്റ് ജൂനിയര്‍കോളജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് ശ്രദ്ധേയമായി. പെട്ടെന്നുണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും അവരെ രക്ഷപ്പെടുത്ത രീതിയും യൂണിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി.ഗോപകുമാര്‍ കുട്ടികള്‍ക്കായി വിശദീകരിച്ചു.
ഒന്നര മണിക്കൂറോളം നീണ്ട ക്ലാസിന് ശേഷം ഉദ്യോഗസ്ഥര്‍ ഫയര്‍ഫോഴ്‌സിന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും കുട്ടികള്‍ക്ക് കാണിച്ച് നല്‍കി. കെട്ടിടത്തിന്റെ മുകളില്‍ അബോധാവസ്ഥയില്‍ കുടുങ്ങി കിടക്കുന്ന ആളിനെ രക്ഷപ്പെടുത്തുന്നതും അതിന് കഴിയാത്ത ആളിനെ റോപ്പില്‍ താഴെ എത്തിക്കുന്നതും ഉദ്യോഗസ്ഥര്‍ സാഹസികമായി പ്രദര്‍ശിപ്പിച്ചു.
ബോധവത്ക്കരണ ക്ലാസും പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍അനുഭവമായി. സ്റ്റേഷന്‍ ഓഫീസറെ കൂടാതെ ഫയര്‍മാന്‍മാരായ നിഷാദ്, മിഥുന്‍, നാസിം, നഹാസ്, കൃഷ്ണകുമാര്‍ എന്നിവരും നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെസീന കടങ്കല്‍, മാനേജര്‍ അബ്ബാസ് കളീലില്‍, പിആര്‍ഒ വിജി എന്നിവര്‍ പങ്കെടുത്തു.
















