കോട്ടയം: കേരള ജനതയെ രണ്ടായി വിഭജിക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.എസ്.ജയസൂര്യന്‍ പറഞ്ഞു. ബിജെപി കോട്ടയം നിയോജകമണ്ഡലം സജീവ അംഗത്വ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സിപിഎം നിഷേധാത്മക രാഷ്‌ട്രീയത്തിലേക്ക് നയിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജനസേവനം മറന്ന് രാഷ്‌ട്രീയ സേവനം നടത്തുന്നു. ഇതിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ശിഥിലീകരിക്കുന്നു. കേരളത്തിലെ ദേശീയത തകര്‍ക്കുന്ന നയമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണം ഇപ്പോള്‍ നടത്തുന്നത്. ഓണാഘോഷത്തെയും പൂക്കളം തീര്‍ക്കുന്നതിനെയും വിളക്കു കത്തിക്കുന്നതിനെയും എതിര്‍ക്കുന്നവര്‍ ഭരണസംവിധാനത്തെ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചില പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ ആഘോഷങ്ങളെയും പ്രാര്‍ത്ഥനയ്‌ക്കായി ജോലിസമയം വിനിയോഗിക്കുന്നതിനെയും എന്തുകൊണ്ട് എതിര്‍ക്കുന്നില്ല എന്നതിന്റെ മറുപടിയും തരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്തു.
സംസ്ഥാനസമിതിയംഗം ടി.എന്‍. ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വിനോദിയമ്മ, മഹിലാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജയശ്രീ പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, റീബവര്‍ക്കി, എം.വി.ഉണ്ണികൃഷ്ണന്‍, കമ്മിറ്റിയംഗങ്ങളായ കുടമാളൂര്‍ രാധകൃഷ്ണന്‍, കെ.എല്‍.സജീവന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി.മുകേഷ്, എന്‍.രണരാജ്, സംസ്ഥാന കൗണ്‍സിലംഗം പി.ജെ.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















