കുട്ടനാട്: വെളിയനാട് കിടങ്ങറ വാലടി റോഡിന്റെ സമീപത്തെ പാടശേഖരങ്ങളില്‍ അറവുമാലിന്യ നിക്ഷേപം പതിവായി. കഴിഞ്ഞദിവസം റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ വന്‍തോതില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ നിക്ഷേപിച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അന്‍പതോളം ചാക്കുകളിലായി എത്തിച്ച മാലിന്യങ്ങളാണ് പാടശേഖരത്തില്‍ നിക്ഷേപിച്ചത്.
ചീഞ്ഞഴിഞ്ഞ മാലിന്യങ്ങള്‍ കാറ്റില്‍ പാടത്തുകൂടി ഒഴുകി ദുര്‍ഗന്ധം പരത്തുകയാണ്. കിടങ്ങറ വാലടി റോഡ് പൂര്‍ണമായും കടന്നുപോകുന്നത് പാടശേഖരങ്ങളുടെ നടുവിലൂടെയാണ്. ഇതുവഴി കെഎസ്ആര്‍ടിസി ബസുകളിലും, സ്വകാര്യ വാഹനങ്ങളിലുമായി യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
റോഡു കടന്നുപോകുന്ന പ്രദേശങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ മാലിന്യനിക്ഷേപകര്‍ക്കു ഏറെ സഹായകരമാണ്്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യച്ചാക്കുകള്‍ പാടത്തേക്കു വലിച്ചെറിയുന്നതാണ് പതിവ്. പാടത്തു നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞശേഷം ജനവാസ കേന്ദ്രങ്ങളായ കുന്നങ്കരി, കുമരങ്കരി, പുലിമുഖം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പ്രദേശവാസികള്‍ക്കും ദുരിതമായി. ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന അടിയുന്ന മാലിന്യങ്ങള്‍ നാട്ടുകാര്‍ കുഴിച്ചു മൂടുകയാണ് പതിവ്.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും എത്തിക്കുന്ന അറവുമാലിന്യങ്ങളാണ് പാടത്തേക്കു തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അറവുമാലിന്യങ്ങള്‍ക്കു പുറമെ ടാങ്കര്‍ലോറികളില്‍ കക്കൂസ് മാലിന്യങ്ങളും പാടത്ത് നിക്ഷേപിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
















