എടത്വ: റീസര്‍വേ നടക്കാത്തതിനെ തുടര്‍ന്ന് വീട് വയ്‌ക്കാനോ ക്രയവിക്രയം ചെയ്യാനോ കഴിയാതെ ജനം ബുദ്ധിമുട്ടില്‍. എടത്വ, വെളിയനാട്, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.
കുട്ടനാട്ടിലെ മറ്റെല്ലാ പഞ്ചായത്തുകളിലും വര്‍ഷങ്ങള്‍ക്കു മുമ്പു റീസര്‍വേ നടന്നപ്പോള്‍ ഈ മൂന്നുപഞ്ചായത്തുകളിലും ഇനിയും റീസര്‍വേ നടന്നില്ല. വസ്തുക്കളുടെ അതിരുകള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാനോ പുറമ്പോക്ക് കൈയേറ്റങ്ങള്‍ നിര്‍ണയിക്കുവാനോ സാധിക്കുന്നില്ല. പതിറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുവില്‍ പോലും വീടുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കട നിര്‍മിക്കുകയോ പൊതുസ്ഥാപനങ്ങള്‍ വരികയോ ചെയ്താല്‍ നമ്പര്‍ ഇട്ടു കിട്ടാത്തതിനാല്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകളും ലഭിക്കില്ല. പഞ്ചായത്തിന് ആകട്ടെ വര്‍ഷങ്ങളായി സ്വകാര്യവ്യക്തികള്‍ കൈയേറി കൈവശം വച്ചിരിക്കുന്നതോ പുറംപോക്കുകളോ കൈവശപെടുത്താന്‍ കഴിയാത്ത സാഹചര്യവുമാണ്.
നൂറുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള വസ്തുക്കല്‍ പോലും നിലം എന്നാണ് കരം തീരുവയിലുള്ളത്. ഇതുമായി ബന്ധപ്പെട്ടു നൂറ്കണക്കിന് പരാതികളാണ് പഞ്ചായത്ത്, താലൂക്ക്, കളക്‌ട്രേറ്റ് എന്നിവിടങ്ങളിലായി കിടക്കുന്നത്.
റീസര്‍വേ കഴിഞ്ഞ വില്ലേജുകളില്‍ 27 വര്‍ഷം പഴക്കമുള്ള ഭൂമിപോലും നിലം പുരയിടമായി കരം തീരുന്നു. അപ്പോഴാണ് 100 വര്‍ഷത്തിലധികം താമസമുള്ള സ്ഥലം നിലമായിത്തന്നെ കിടക്കുന്നത്. റീസര്‍വേ അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ടു ശനിയാഴ്ച രാവിലെ 10.30 ന് എടത്വ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആലോചനായോഗം ചേരും.
തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ചേരുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളവരും ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ പി.കെ. ബാലകൃഷ്ണന്‍ അറിയിച്ചു. ഫോണ്‍:9446479626.
















