പുനലൂര്‍: കീടനാശിനി ശ്വസിച്ച് പത്തുപേര്‍ അബോധാവസ്ഥയില്‍. തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഇവര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ചല്‍ ചോരനാട് ഉഷാവിലാസത്തില്‍ ഉഷ(44), ഒരുനട സുദര്‍ശനവിലാസത്തില്‍ രാധ(58), എസ്എസ് മന്ദിരത്തില്‍ സിന്ധു(48), ചോരനാട് പടിയ്‌ക്കല്‍ അന്നമ്മ(51), ലേഖാമന്ദിരത്തില്‍ സതീഭായി(58), അയണിക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ സുലോചന(48), സഹോദരി ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രിക (46), അമ്പലക്കോണം മഞ്ജു മന്ദിരത്തില്‍ പ്രസന്ന(58) എന്നിവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചോരനാട് റെയ്ഞ്ചല്‍ എസ്റ്റേറ്റിലെ കൈത്തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് ബോധക്ഷയം ഉണ്ടായത്. രണ്ടുദിവസമായി ഈ പ്രദേശത്ത് കീടനാശിനി തളിക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ ഇന്നലെ വീണ്ടും കീടനാശിനി ഉപയോഗിച്ച് പമ്പിംഗ് നടത്തുമ്പോഴാണ് പരിസരവാസികള്‍ അബോധാവസ്ഥയിലായത്.
സംഭവമറിഞ്ഞ് വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ബിജെപി ജില്ലാ സമിതിയംഗം ആലഞ്ചേരി ജയചന്ദ്രന്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് വടമണ്‍ ബിജു, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി.പ്രിന്‍സ്, ഗ്രാമപഞ്ചായത്തംഗം വലിയവിള വേണു എന്നിവര്‍ ആശുപത്രിയിലെത്തി.
















