ബ്രസീലിയ: രാജ്യത്തെ സർക്കാർ ബാങ്കുകളിലെ പണം നിയമവിരുദ്ധമായി ചെലവഴിച്ചുവെന്ന കുറ്റത്തിനു പ്രസിഡന്റ് ദിൽമ റൂസഫിനെ പുറത്താക്കാൻ ബ്രസീൽ സെനറ്റ് തീരുമാനിച്ചു. ഇതോടെ 13 വര്‍ഷം നീണ്ട ബ്രസീലിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യമായി.
ഒൻപതു മാസത്തോളം നീണ്ട ഇംപീച്മെന്റ് നടപടികൾക്കൊടുവിൽ ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ (68) പുറത്താക്കാൻ സെനറ്റ് നിശ്ചയിച്ചത്. പുറത്താക്കൽ നടപടികൾക്കു മുന്നോടിയായി കഴിഞ്ഞ മേയിൽ പ്രസിഡന്റിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്നു മുതൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മുൻ വൈസ് പ്രസിഡന്റ് മൈക്കിൾ ടെമർ പുതിയ പ്രസിഡന്റായി അധികാരമേൽക്കും.
ദിൽമയ്‌ക്കു പൊതുപ്രവർത്തനത്തിൽ നിന്ന് എട്ടു വർഷത്തേക്കു വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ അടുത്ത ദിവസം സെനറ്റിൽ വീണ്ടും വോട്ടെടുപ്പു നടക്കും
















