കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിന്റെ രണ്ടാംഘട്ടവികസനത്തിനായി തയ്യാറാക്കിയ 53 കോടിയുടെ പ്രൊജക്ട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാരിലേക്ക് അയക്കാത്തതില്‍ പ്രതിഷേധിച്ച് പുതിയാപ്പ ഹാര്‍ബര്‍ വികസന സമിതി പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സൂചനാസമരം നടത്തുമെന്ന് പുതിയാപ്പ ഹാര്‍ബര്‍ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014 ലാണ് പ്രൊജക്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രൊജക്ട് അയക്കാന്‍ കാലതാമസം വരുത്തിയതിന് കാരണമെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 31ന് രാവിലെ 11ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫിസിനു മുമ്പില്‍ പുതിയാപ്പയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും പണിമുടക്കി ധര്‍ണ നടത്തും. തുടര്‍ന്നും നടപടിയായില്ലെങ്കില്‍ പ്രക്ഷോഭസമരങ്ങളുമായി മുന്നോട്ടുപോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹാര്‍ബറില്‍ പുതുതായി രണ്ട് ജെട്ടികള്‍ പണിയുക, മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പുതുതായി ലേല ഹാള്‍, ഡ്രൈനേജ് എന്നിവ പണിയുക, ഹാര്‍ബറില്‍ അടിയുന്ന ചളിയും മണ്ണും നീക്കം ചെയ്ത് ആഴം കൂട്ടുക, ഹാര്‍ബറിലെ മുഴുവന്‍ ലൈറ്റുകളും പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണമെന്നും പുതിയാപ്പ ഹാര്‍ബര്‍ വികസനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെയര്‍മാന്‍ കെ. സുന്ദരന്‍, കണ്‍വീനര്‍ വി. ഉമേശന്‍, കെ. ചന്ദ്രന്‍, സി. രാമകൃഷ്ണന്‍, സി. ഗണേശന്‍, സി. വേണു, എം.കെ. ദിനേശന്‍ എന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















