ശബരിമല ധര്‍മശാസ്താവിനും തിരുമല വെങ്കടേശ്വര സ്വാമിക്കും സാമ്യം ഏറെയുണ്ട്. ഇരുവരും കലിയുഗത്തിലെ കാലക്കേടുകളില് നിന്ന് രക്ഷനല്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശബരിമല അയ്യപ്പന് കലിയുഗവരദനെന്നും തിരുമല വെങ്കടേശ്വര സ്വാമിക്ക് കലിയുഗ പ്രത്യക്ഷ ദൈവം എന്നും വിശേഷണം. ഇരുവരുടേയും വാസം മലമുകളിലും. ഈ ക്ഷേത്രങ്ങളിലേക്കെത്തുന്ന ഭക്തരുടെ എണ്ണം പരിശോധിച്ചാല്‍ ലക്ഷക്കണക്കിനെന്ന് പറയാം. വരുമാനമാവട്ടെ കോടികള്‍. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ട്, ഭക്തര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍.
ദിവസവും തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത് 50,000 ത്തിലേറെ ആളുകളാണ്. ഇത്രയും പേര്‍ക്ക് സമയബന്ധിതമായി എത്തരത്തില്‍ ദര്‍ശനം സാധ്യമാക്കുന്നു? തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്ര സംബന്ധമായ കാര്യങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കുന്നതിന് നടപ്പാക്കി വരുന്ന മാര്‍ഗ്ഗങ്ങള്‍ അനുകരിക്കുന്നത് നല്ലതാണ്. അതിന് മുമ്പ് അത് എന്തെല്ലാമാണെന്ന് നോക്കാം.
ദര്‍ശന സംവിധാനങ്ങള്‍
പ്രധാനമായും മൂന്ന് തരത്തിലുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്വദര്ശനമാണ് ഇതിലൊന്ന്. ക്യൂവില്‍ നിന്ന് ദര്‍ശനം നേടുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 18 മണിക്കൂര്‍ വരെയും തിരക്ക് അധികമുള്ള ദിവസങ്ങളില്‍ 20 മണിക്കൂര്‍ വരെയുമാണ് സര്‍വദര്‍ശന സമയം. വൈകുണ്ഠം ക്യൂ കോംപ്ലക്സ് വഴിയാണ് പ്രധാന ക്ഷേത്രത്തിലേക്ക് പ്രവേശനം. വിശാലമാണ് ക്യൂ കോപ്ലക്സ്. ഇവിടെ ലഭിക്കുന്ന സേവനങ്ങളും സൗജന്യമാണ്. ക്യൂ നില്‍ക്കുന്നവര്‍ക്ക് അന്നപ്രസാദം, മൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല്, ചായ, കാപ്പി, വൈദ്യസഹായം എന്നിവയെല്ലാം ലഭ്യമാണ്. വൃത്തിയുള്ള ടോയ്ലറ്റ്, ശുദ്ധമായ ജലം ഇതും ലഭ്യമായ സേവനങ്ങളില്‍ എടുത്തുപറയണം.
ദിവ്യദര്‍ശനമാണ് മറ്റൊന്ന്. കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അലിപിരി, ശ്രീവരി മേട്ട് നടപ്പാത വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നേടാം. ഇവിടേക്ക് റയില്‍വേ സ്റ്റേഷനില്‍ നിന്ന് സൗജന്യമായി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവുമുണ്ട്, അതും സൗജന്യമായി.
ശീഘ്ര ദര്ശന് (സ്പെഷല്‍ എന്‍ട്രി ദര്ശന്)
ഭക്തര്‍ക്ക് വേഗത്തില്‍ ദര്‍ശനം സാധ്യമാക്കുന്നതിനായി 2009 സെപ്തംബറിലാണ് ഇതേര്‍പ്പെടുത്തിയത്. 300 രൂപ ടിക്കറ്റ് നിരക്കിലാണ് ശീഘ്രദര്‍ശനം. മുന്‍കൂറായും ബുക്ക് ചെയ്യാം. ഇ-ദര്ശന് കൗണ്ടറുകള്‍, പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ബുക്കിങ് സാധ്യമാണ്.
മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും ദര്‍ശനം വേഗത്തില്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യമുണ്ട്. എല്ലാദിവസവും രാവിലെ 10 മണി, വൈകിട്ട് മൂന്ന് മണി എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ലോട്ടുകളാണ് ഇവര്‍ക്ക് ദര്‍ശനത്തിനായി അനുവദിച്ചിരിക്കുന്നത്. പ്രായം തെളിയിക്കുന്ന രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് കാണിക്കണം.
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത് എത്രപേരായാലും അവര്‍ക്കെല്ലാം സൗജന്യ താമസ സൗകര്യം ഒരുക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി)സാധിക്കും. കുടുംബ സമേതം എത്തുന്നവര്‍ക്ക് ക്വാര്‍ട്ടേഴ്സ്, അല്ലാത്തവര്‍ക്ക് ഡോര്‍മെറ്ററി എന്നിവ ലഭ്യമാണ്.
ഇവിടെ ദര്‍ശനം സാധ്യമാവണമെങ്കില്‍ ചില നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ബാര്‍കോഡ് രേഖപ്പെടുത്തിയ ഐഡന്റിഫിക്കേഷന്‍ ടാഗ് ആണ് നല്‍കിയിരുന്നത്. ഇത് കൈത്തണ്ടയിലാണ് ബന്ധിപ്പിക്കുക. കങ്കണം കെട്ടിവരിക എന്നാണ് ഈ രീതിയെ വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ ദര്‍ശനത്തിനെത്തേണ്ട ഏകദേശ സമയവും പ്രിന്റ് ചെയ്തിട്ടുണ്ടാകും. ഭക്തര്‍ക്ക് ഈ സമയത്ത് ക്യൂവില്‍ പ്രവേശിച്ചാല്‍ മതി. അതുവരെ താമസസൗകര്യം എവിടെയാണോ അവിടെ വിശ്രമിക്കാം. ദര്‍ശനത്തിനുള്ള സമയം നിശ്ചയിക്കുന്നത് ചില ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ്. എന്നാലിപ്പോള്‍ ഫിംഗര്‍പ്രിന്റ് സാങ്കേതിക വിദ്യയാണ് നടപ്പാക്കുന്നത്. ദര്‍ശനത്തിനുള്ള സമയവും പ്രിന്റില്‍ പതിഞ്ഞിട്ടുണ്ടാകും. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ സാധിച്ചിട്ടുണ്ട്. തല മുണ്ഡനം ചെയ്യാനെത്തുന്നവര്‍ക്ക് പ്രത്യേക വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈന്ദവ വിശ്വാസിയാണെന്ന് എഴുതി നല്കിയാല് മാത്രമേ അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുള്ളൂവെന്ന് സംസ്കൃത ഭാരതിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മുരളീ കൃഷ്ണന് പറയുന്നു.
വരുമാന സ്രോതസ്സ്
തിരുപ്പതി വെങ്കടേശ്വരനോടുള്ള വിശ്വാസത്താല്‍ വന്‍തുക കാണിക്കയര്‍പ്പിക്കുന്ന ഭക്തരാണ് ക്ഷേത്രത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമായി ഉയര്‍ത്തിയത്. കാണിക്കയര്‍പ്പിക്കല്‍ കൂടാതെ, പ്രസാദ വിതരണം, ദര്‍ശനത്തിനുള്ള ടിക്കറ്റ് വിതരണം, സേവ ടിക്കറ്റുകളുടെ വില്പന, തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍.
സേവന പ്രവര്‍ത്തനങ്ങള്‍
തിരുപ്പതിയിലെത്തുന്ന ഭക്തര്‍ക്ക് എത്തരത്തില്‍ ദര്‍ശനം സുഗമമാക്കുന്നു എന്നത് മാത്രമല്ല ഇവിടുത്തെ പ്രത്യേകത. വരുമാനം സമാജ സേവനത്തിനായി നീക്കി വച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഹിന്ദുക്കളുടെ ഉന്നമനമാണ് ലക്ഷ്യം. വിദ്യാഭ്യാസത്തിന് മഹനീയ സ്ഥാനം നല്കുന്നതിനാല് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ടിടിഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ബധിരര്‍ക്ക് പ്രത്യേകം സ്കൂള്‍,
അംഗപരിമിതര്‍ക്കുവേണ്ടി പരിശീലന കേന്ദ്രം, ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവ ഉദാഹരണം. അനാഥക്കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേകം ഊന്നല്‍ നല്കുന്നു. ഇവര്‍ വിദ്യാഭ്യാസം നേടി ഉപജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ എല്ലാ ഉത്തരവാദിത്തവും ശ്രീ വെങ്കടേശ്വര ബാല മന്ദിരത്തിനാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസസൗകര്യമുണ്ട്.
പ്രൊഫഷണല്‍ കോളേജുകള്‍, ഓറിയന്റല്‍ കോളേജുകള്‍, സ്കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ടിടിഡി സാന്നിധ്യം അറിയിക്കുന്നു. ശ്രീ വെങ്കടേശ്വരന്റെ നാമധേയത്തിലാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അറിയപ്പെടുന്നത്. സംസ്കൃത ഭാഷയുടെ പ്രചാരത്തിനായി ശ്രീ വെങ്കടേശ്വര വേദിക് യൂണിവേഴ്സിറ്റിയും ടിടിഡിയുടെ കീഴിലുണ്ട്. ഹൈന്ദവ ധര്മ്മപ്രചാരണമാണ് മുഖ്യലക്ഷ്യം.
മാനേജ്മെന്റ് സംവിധാനം
തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഭരണതലത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമ്പത്തിക ഉപദേഷ്ടാവ്, ചീഫ് അക്കൗണ്ട് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരാണുള്ളത്. ആന്ധ്രാപ്രദേശ് സര്‍ക്കാരാണ് ചെയര്‍മാനേയും എക്സിക്യൂട്ടീവ് ഓഫീസറെയും നിയമിക്കുന്നത്. 14,000ത്തിലധികം ജീവനക്കാരാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിനായുള്ളത്.
ശബരിമലയുടെ കാര്യത്തിലേക്ക് വരാം. തിരുപ്പതി മോഡല്‍ ഇവിടെ നടപ്പാക്കണം എന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്. സുഗമമായ ദര്‍ശനം എന്നത് തിരുപ്പതി മോഡലില്‍ ഒന്ന് മാത്രമാണ്. തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും ചിലവഴിക്കുന്നത് സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഹൈന്ദവക്ഷേത്ര നവീകരണത്തിനും വേണ്ടിയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമലയില്‍ കോടികളുടെ വരുമാനമാണ് ഓരോ മണ്ഡലക്കാലത്തും ഉണ്ടാകുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാന സ്രോതസ്സും ശബരിമലയാണ്. എന്നാല്‍, ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയമാണ്. തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് വേണ്ടത്ര സംവിധാനങ്ങളില്ല. മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല. ശബരിമലയില്‍ നിന്നുകിട്ടുന്ന വരുമാനം ഉപയോഗിച്ച് ഇക്കാര്യങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കാം എന്നിരിക്കെയാണ് ഈ അനാസ്ഥ.
ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ത്തന്നെ ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ട നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഹൈന്ദവ വിശ്വാസികളില്‍ നിന്ന് നേടുന്ന വരുമാനം ഹിന്ദുസമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാത്തതിന് എതിരെയും വിമര്‍ശനമുണ്ട്. ഈ ന്യൂനതകള്‍ എല്ലാം പരിഹരിച്ചെങ്കില്‍ മാത്രമേ ശബരിമലയേയും തിരുപ്പതി മോഡലിലേക്ക് ഉയര്‍ത്താന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: