ദാമോ (മദ്ധ്യപ്രദേശ്): യാത്രയ്‌ക്കിടെ മരിച്ച ഭാര്യയുടെ ജഡത്തോടൊപ്പം ഭര്‍ത്താവിനേയും അഞ്ചു വയസ്സുകാരിയെയും ബസ്സില്‍നിന്ന് കാട്ടുപാതയില്‍ ഇറക്കിവിട്ടു. രോഗിയായ ഭാര്യ മള്ളി ബായിയുമായി മകള്‍ക്കൊപ്പം ദാമോ ജില്ലാശുപത്രിയിലേക്ക് പോവുകയായിരുന്നു ഛത്തര്‍പൂര്‍കാരന്‍ രാംസിങ്.
ഇടയ്‌ക്ക് മള്ളിക്ക് രോഗം മൂര്‍ച്ഛിച്ച് മരിച്ചു. അപ്പോള്‍ കാട്ടുനടുവിലൂടെ പോകുന്ന ബസ്സില്‍നിന്ന് ജഡവുമായി രാംസിങ്ങിനെ പെരുമഴയത്ത് ബസ്‌കണ്ടക്ടര്‍ ശാരദാ സെന്‍ ഇറക്കിവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്നാണ് മള്ളിയ്‌ക്ക് കടുത്ത പനിപിടിച്ചത്. സഹയാത്രികര്‍ക്ക് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഇതുചെയ്തതെന്ന് ശാരദാ സെന്‍ പറഞ്ഞു. കാറില്‍ പോയ മൃത്യുഞ്ജയ് ഹസാരി, രാജേഷ് പട്ടേല്‍ എന്നീ അഭിഭാഷകര്‍ ഇവരെ കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍തന്നെ സ്വകാര്യ ആംബുലന്‍സ് വിളിച്ച് മള്ളിയുടെ ജഡം വീട്ടിലെത്തിച്ചു.
എന്നാല്‍, ബാട്ടിയാഗഢ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് പി. ഡി. മിഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ഒഡീഷയില്‍ ഭാര്യയുടെ ജഡം ചുമന്ന് നടക്കേണ്ടിവന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു.
















