ചിക്കമഗളൂരു: മരിച്ചെന്ന് ഡോക്ടര്‍ വിധിച്ച കുഞ്ഞിന് സംസ്‌കാര കര്‍മ്മത്തിനിടെ ജീവന്‍കണ്ടെത്തി. അതിവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കര്‍ണ്ണാടത്തിലെ ഭദ്രാവതി സര്‍ക്കാര്‍ ആശുപത്രിയിലെ ഉത്തരവാദിയായ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ അയച്ചു.
ചിക്കമഗളൂരുവിലെ തല്ലിക്കെട്ടെ എന്ന സ്ഥലത്തെ സോണിബായിക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ പ്രസവമായിരുന്നു. അപ്പോള്‍ത്തന്നെ കുഞ്ഞ് മരിച്ചുവെന്ന് ഡോ. മഞ്ജുനാഥ് അറിയിച്ചു. അധികൃതര്‍ കുഞ്ഞിന്റെ ജഡം അച്ഛന്‍ ചന്ദ്രനായിക്കിന് കൈമാറി.
വീട്ടിലെത്തി കുഞ്ഞിന്റെ ശരീരം മറവ്‌ചെയ്യുമ്പോള്‍ ഹൃദമിടിക്കുന്നുവെന്ന് ഒരാള്‍ സംശയം പ്രകടിപ്പിച്ചതോടെ അതിവേഗം ആശുപത്രിയിലെത്തിച്ചു. പക്ഷേ, രക്ഷിക്കാനായില്ല. ജനനശേഷം ശരിയായ പരിപാലനം കിട്ടാഞ്ഞതാണ് മരണ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും, റിപ്പോര്‍ട്ടുവരും വരെ ഡോ. മഞ്ജുനാഥിനെ നിര്‍ബന്ധിത അവധിയില്‍ വിടുകയായിരുന്നു.
















