ബര്‍ലിന്‍: ജര്‍മ്മനിയില്‍ കാറല്‍ മാര്‍ക്സിന്റെ പേരില്‍ അറിയപ്പെടുന്ന തെരുവുകളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റണമെന്ന് ആവശ്യമുയരുന്നു. കമ്യൂണിസ്റ്റ് ഭരണം കാരണം പൂര്‍വ ജര്‍മനിക്ക് തകര്‍ച്ചയും പാപ്പരത്തവും മാത്രമാണുണ്ടായത്. അതൊക്കെ കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് നേതാക്കളുടെയൊക്കെ പേരിനു പകരം വിശുദ്ധരുടെ പേരുകള്‍ തെരുവുകള്‍ക്ക് നല്‍കണമെന്ന് രാജ്യത്തെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ പ്രമുഖ നേതാവ് വോള്‍ഫ്ഗാങ് സ്റ്റീഗര്‍ ആവശ്യപ്പെട്ടു.
കാറല്‍ മാര്‍ക്സിന്റെ പേരില്‍ ഏകദേശം 550 തെരുവുകളാണ് ജര്‍മ്മനിയിലുള്ളത്. എന്നാല്‍, ശീതയുദ്ധ കാലത്തുനിന്നൊക്കെ ലോകം ഒരുപാട് മുന്നോട്ടു പോന്ന സാഹചര്യത്തില്‍ ഇത്തരം പേരുകള്‍ മാറ്റുന്നതാണ് അഭികാമ്യമെന്ന് സ്റ്റീഗര്‍ പറയുന്നു. പല സ്ഥലങ്ങളിലും പ്രധാന തെരുവുകള്‍ ഇപ്പോഴും മാര്‍ക്സിന്റെ പേരില്‍ തുടരുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും അവരുടെ പ്രത്യയ ശാസ്ത്രത്തിലൂടെ നല്ലതൊന്നും ചെയ്തിട്ടില്ലെന്നും സ്റ്റീഗര്‍ പറയുന്നു.
ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വോള്‍ഫ്ഗാങ് സ്റ്റീഗര്‍. മാര്‍ക്സിന്റെ പേരിലുള്ള റോഡുകള്‍ മുഴുവന്‍ പഴയ പൂര്‍വ ജര്‍മനിയിലാണുള്ളത്. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം പശ്ചിമ – പൂര്‍വ ജര്‍മനികള്‍ ഒന്നായപ്പോഴും ഈ പേരില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല. ഏകീകരണത്തിനു മുന്‍പ് കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലായിരുന്നു പൂര്‍വ ജര്‍മനി. അങ്ങനെയാണ് മാര്‍ക്സിന്റെ പേരില്‍ ഇത്രയധികം റോഡുകള്‍ അവിടെയുണ്ടായത്.
മാര്‍ക്സിനെക്കൂടാതെ, പ്രമുഖ കമ്യൂണിസ്റ്റ് സൈദ്ധാന്തികരായ ഏംഗല്‍സ്, റോസ ലക്സംബര്‍ഗ്, ഏണസ്റ്റ് താല്‍മാന്‍ തുടങ്ങിയവരുടെ പേരിലും ജര്‍മനിയില്‍ നിരവധി തെരുവുകളുണ്ട്.
















