ചങ്ങനാശേരി: ആരോഗ്യവിഭാഗത്തിന്റ തീരുമാനങ്ങള്‍ കൗണ്‍സിലില്‍ എത്തുന്നില്ലെന്നാരോപിച്ച് നഗരസഭ യോഗത്തില്‍ ബഹളം. ആരോഗ്യ വിഭാഗം സ്ഥിരം സമിതി യോഗത്തിന്റ തീരുമാനങ്ങള്‍ അജണ്ഢയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്.
എന്‍ആര്‍എച്ച്എം വാര്‍ഷിക ഫണ്ടായ 10,000 രൂപ ചില കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ചെയര്‍മാന്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഇതിന്റെ പേരില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ചെക്ക് ഒപ്പിട്ടു വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ഹെല്‍ത്ത് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. കൂടാതെ രാവിലെ എത്തുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സ്ഥിരം സമിതി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാഞ്ഞതിനെതിരെയും പരാതി ഉയര്‍ന്നു. സുപ്രധാനമായ ആരോഗ്യ വിഭാഗത്തിന്റെ പല തീരുമാനങ്ങളും അജണ്ഡയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പരാതി ഉയര്‍ന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാലതാമസം നേരിടുന്നതായും ആക്ഷേപം ഉയര്‍ന്നു.
മൂന്നാം നമ്പര്‍ വേഴയ്‌ക്കാട്ടുചിറ ബസ് സ്റ്റാന്‍ഡിലെ അനധികൃത വാഹന പാര്‍ക്കിങ് നിരോധിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. നഗരവികസനവുമായി ബന്ധപ്പെടുത്തിയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായും മൂന്നാം നമ്പര്‍ സ്റ്റാന്‍ഡ് പ്രയോജനപ്പടുത്തണം. ആവശ്യമായ പുതിയ സര്‍വീസുകള്‍ ഇവിടെ നിന്നും ആരംഭിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു.
സ്റ്റാന്‍ഡിനു ചുറ്റുമതില്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല. നഗരസഭ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. അംബിക വിജയന്‍, സുമ ഷൈന്‍, സിബി തോമസ്,സാജന്‍ ഫ്രാന്‍സിസ്, അഡ്വ.പി.എ.നസീര്‍, അഡ്വ.പി.എസ്.മനോജ്, അഡ്വ.ഇ.എ.സജികുമാര്‍, മാര്‍ട്ടിന്‍ സ്‌കറിയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















