കാഞ്ഞങ്ങാട്: ജില്ലയിലെ ചിത്രകാരന്മാരുടെ ഏറെ മുറവിളികള്‍ക്ക് ശേഷം ലളിത കലാഅക്കാദമി അനുവദിച്ച കാഞ്ഞങ്ങാട്ടെ ആര്‍ട് ഗ്യാലറി ഇതുവരെയും ബാലാരിഷ്ടതകള്‍ മാറിയില്ല. 2002 ലാണ് ലളിത കലാ അക്കാദമിയുടെ കീഴില്‍ കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയും ഓഫീസും പ്രവര്‍ത്തനമാരംഭിക്കുന്നത്.
അന്തരിച്ച ജി.കാര്ത്തികേയന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് അക്കാദമി ഓഫീസ് കാഞ്ഞങ്ങാട് ആരംഭിക്കാന്‍ നീക്കമുണ്ടായത്. അന്ന് അക്കാദമി അംഗമായിരുന്ന ആര്‍ട്ടിസ്റ്റ് കെ.രാഘവന്റെ പ്രത്യേക താല്‍പ്പര്യവും മറ്റു സാമൂഹ്യപ്രവര്‍ത്തകരുടെയും ജില്ലയിലെ പ്രമുഖചിത്രകാരന്മാരുടെ ഇടപെടലുംആര്ട് ഗ്യാലറി സ്ഥാപിക്കാന്‍ കാരണമായി. ജില്ലയിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും കൂട്ടായ്മയുമായിരുന്നു ലക്ഷ്യം. പല സ്ഥലങ്ങളും ഓഫീസിനായി നോക്കിയെങ്കിലും അവസാനം ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള ചെറിയ കെട്ടിടവും സ്ഥലവും അക്കാദമിക്കു വേണ്ടി എറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ ജില്ലകളിലൊന്നായ ദക്ഷിണ കാനറ ജില്ലയുടെ കളക്ടര്‍ പച്ചക്കറി വിപണനത്തിനായി ലീസിന് കൊടുത്ത സ്ഥലമായിരുന്നു ഇന്ന് ആര്‍ട് ഗാലറി പ്രവര്‍ത്തിക്കുന്ന സ്ഥലം. ഇത് പിന്നീട് നഗരസഭ ഏറ്റെടുത്ത് മൃഗാശുപത്രി, നഗരസഭ വായനശാല, കൃഷിഭവന്, കുടുംബശ്രീ ഓഫീസ് എന്നിവ നടത്തിയെങ്കിലും അവസാനം അക്കാദമിക്ക് വേണ്ടി കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നു.
2002ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ട് ഗ്യാലറി 14 വര്‍ഷം കഴിഞ്ഞും ഇന്നും ആരംഭ ദശയില്‍ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുളള ആധുനിയ പവലിയനുകളോ ഒന്നുമില്ല. പുതിയ ചിത്രകാരന്മാരുടെ ചിത്രങ്ങളൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൂക്ഷിപ്പ് മുറിയോ സൗകര്യങ്ങളോ അക്കാദമി ഓഫീസിലില്ല. ആകെയുള്ളത് ഒരു ജീവനക്കാരന് മാത്രം. ചിത്ര പ്രദര്‍ശനത്തിന് വരുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലമില്ല. പഴയ കെട്ടിടത്തില്‍ പേരിനൊരു കക്കൂസ് ഉണ്ടെങ്കിലും വെള്ളം വേണമെങ്കില്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനെയോ വീടുകളെയോ ആശ്രയിക്കണം.
2006 ല്‍ യുഡിഎഫ് ഭരണകാലത്ത് അക്കാദമി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായെങ്കിലും സാംസ്കാരിക പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. നഗരസഭ സ്വന്തമായി സ്ഥലം നല്കിയാല് കെട്ടിടമുണ്ടാക്കാമെന്ന് അക്കാദമി അധികൃതര്‍ പറയുന്നു. 2003ല്‍ അന്ന് സ്ഥലം എംഎല്‍എയായിരുന്ന ഇ.ചന്ദ്രശേഖരന് ആര്‍ട് ഗ്യാലറിക്ക് സ്വന്തമായി കെട്ടിടം വേണമെന്നാവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ.സി.ജോസഫിന് നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ചന്ദ്രശേഖരന് തന്നെ റവന്യുമന്ത്രിയായതില് പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജില്ലയിലെ കലാസ്വാദകരും ചിത്രകാരന്മാരും. ലളിതകലാ അക്കാദമിക്ക് സ്ഥലം നല്കി കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടി മന്ത്രി സ്വീകരിക്കണമെന്നാണ് ജില്ലയിലെ കലാസാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: