അങ്കാറ: തുര്‍ക്കിയില്‍ പോലീസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പോലീസുകാര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു.സിറിയന്‍ അതിര്‍ത്തിയിലുള്ള പോലീസ് ആസ്ഥാനത്താണ് സ്‌ഫോടനമുണ്ടായതെന്ന് തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തുര്‍ക്കി പോലീസ് സേനയുടെ നേതൃത്വത്തില്‍ വന്‍ രക്ഷാപ്രവര്‍ത്തനമാണ് സ്ഥലത്ത് നടക്കുന്നത്.
കുര്‍ദിഷുകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ തുര്‍ക്കിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ മുഖ്യ പ്രതിപക്ഷ നേതാവായ കമാല്‍ കുച്ദരോഗ്‌ലുവിനെതിരെ വധശ്രമം നടന്നിരുന്നു. വധശ്രമത്തില്‍ നിന്ന് കമാല്‍ രക്ഷപ്പൈട്ടങ്കിലും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നിലും കുര്‍ദിഷ് വര്‍കേഴ്‌സ് പാര്‍ട്ടിയാണെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിച്ചിരുന്നു
















