കണ്ണൂര്‍: ക്ഷേത്രാനുഷ്ഠാനമായി മാത്രം നടത്തുന്നതും വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ദര്‍ശിക്കുന്നതുമായ തിടമ്പുനൃത്തത്തെ അവഹേളിച്ചുകൊണ്ട് വികൃതമായ രീതിയില്‍ തെരുവില്‍ കെട്ടിത്തുള്ളുന്ന പ്രവണത നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് നമ്പൂതിരി ക്ഷേമസഭായോഗം അഭിപ്രായ്‌പെട്ടു. വാദ്യഗുരുവിന്റെ ശിക്ഷണത്തില്‍ അനുഷ്ഠാനത്തോടെയുള്ള പരിശീലനത്തില്‍ അഭ്യസിച്ചെടുത്ത തിടമ്പ് നൃത്തം ആചാരപ്രകാരം മാത്രം നടത്താറുള്ളതാണ്. ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി നാലമ്പലത്തിനുള്ളില്‍ വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ഭഗവാന്റെ തിടമ്പ് ഏല്‍ക്കുന്നത്. ഒറ്റവസ്ത്ര തറ്റും ഉത്തരീയവും ധരിച്ച് ക്ഷേത്ര ചിട്ടകള്‍ക്കനുസരിച്ച് മാത്രം നടത്തിവരുന്ന ഈ പാരമ്പര്യ അനുഷ്ഠാനത്തെ ഘോഷയാത്രയിലൂടെ നിന്ദിക്കുന്നത് വേദനാജനകമാണെന്ന് യോഗം ആവശ്യപ്പെട്ടു.
















