പാനൂര്‍: സിപിഎം ആഘോഷങ്ങളില്‍ കലാഭവന്‍മണിയും പി.ജയരാജനും. ബാലഗോകുലം പ്രവര്‍ത്തകര്‍ ഗ്രാമങ്ങളെ അമ്പാടിയാക്കി മാറ്റി മനോഹരമാക്കിയപ്പോഴാണ് സിപിഎം നേതൃത്വം പൊയിലൂര്‍ പുല്ലായിതോടില്‍ ഇരുവരുടെയും കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. ചട്ടമ്പിസ്വാമികളുടെ പടം ചെറുതായൊരെണ്ണം അവിടെ സ്ഥാപിച്ചിട്ടുമുണ്ട്. ബാലഗോകുലം പ്രവര്‍ത്തകര്‍ പൊയിലൂര്‍ മേഖലയെ അമ്പാടിയാക്കി മാറ്റി ഗ്രാമോത്സവം നടത്തുമ്പോഴാണ് സമീപത്തെ പുല്ലായിതോടില്‍ പി.ജയരാജനെ പ്രതിഷ്ഠിച്ച് സിപിഎം അപഹാസ്യരായത്. രാഷ്‌ട്രീയഭേദമന്യേ ജനങ്ങള്‍ ഒത്തുകൂടുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ പൊയിലൂരില്‍ വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി കഴിഞ്ഞതാണ്. ഇതിനു ബദലായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ സിപിഎമ്മിനു തന്നെ വിനയായി മാറിയിരിക്കുകയാണ്. ആധ്യാത്മിക, സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായ ചട്ടമ്പിസ്വാമികളെ അപമാനിക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ ഘോഷയാത്രയിലെ നിശ്ചലചലന ദൃശ്യങ്ങളുമുണ്ടായത്. ഇത് വന്‍പ്രതിഷേധത്തിനും കാരണമായി. സിപിഎം ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുമുള്ള ആശയങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്തം പ്രകടമാക്കിയ ഘോഷയാത്രയും അനുബന്ധപരിപാടികളും ഏറെവിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രതിഷേധത്തിനും.
















