കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സമാന്തര ഭരണത്തിന് സിപിഎം നീക്കം. സിപിഎം നടപടിക്കെതിരെ സേനയ്‌ക്കകത്ത് പ്രതിഷേധം ശക്തം. സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തിയ ദിവസം തൊട്ട് ജില്ലയിലെ പോലീസിനകത്ത് ശക്തമായ സ്വാധീനമാണ് സിപിഎം നേതൃത്വം ചെലുത്തി വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ വഴി തിരിച്ചുവിടാനും അക്രമ കേസുകളിലെ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാനും പാര്‍ട്ടി ജില്ലാ നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടു കൊണ്ടിരിക്കുകയാണ്. മാത്രമല്ല മററ് പാര്‍ട്ടികളില്‍പ്പെട്ട നിരപരാധികളായ പ്രവര്‍ത്തകരേയും നേതാക്കളേയും കളളക്കേസില്‍പ്പെടുത്തുന്ന സംഭവങ്ങളും വര്‍ദ്ധിക്കുകയാണ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കാത്ത പോലീസുകാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുളള നീക്കങ്ങള്‍ സജീവമാണ്.
പയ്യന്നൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവവും ഉണ്ടായി. കൂടാതെ ഇന്നലെ കോടതിയില്‍ പ്രതികളേയും കൊണ്ടെത്തിയ പോലീസ് വാഹനം സിപിഎം സംഘം അക്രമിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി തന്നെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനകത്ത് സമരം സംഘടിപ്പിച്ച സംഭവവുമെല്ലാം വിരല്‍ ചൂണ്ടുന്നത് ജില്ലയിലെ പോലീസ് സംവിധാനം പാര്‍ട്ടിയുടെ സമാന്തര ഭരണത്തിലേക്ക് നീങ്ങുന്നുവെന്നതിലേക്കാണ്. പാര്‍ട്ടിക്കു വേണ്ടി ഒരു വിഭാഗം പോലീസുകാര്‍ എല്ലാവിധ സഹായങ്ങളും ചെയ്യുകയാണ്. അക്രമങ്ങള്‍ കണ്ട് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയും സംഘപരിവാര്‍ സംഘടനകളുടേതുള്‍പ്പെടെ സ്ഥാപനങ്ങളും മറ്റും അക്രമിക്കപ്പെട്ട കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരെ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പിടികൂടാന്‍ തയ്യാറാവാതിരിക്കുകയുമാണ്.
കഴിഞ്ഞ ദിവസം കുന്നരു മൊട്ടക്കുന്നില്‍ സിപിഎമ്മുകാര്‍ പോലീസ് സംഘത്തെ അക്രമിച്ച സംഭവം ഉണ്ടായിരുന്നു. നിരവധി പോലീസുകാര്‍ക്ക് പൊതിരെ തല്ലുകിട്ടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ല. ഇന്നലെ കോടതി പരിസരത്ത് വെച്ചും നിരവധി പോലീസുകാര്‍ക്ക് സിപിഎമ്മുകാരുടെ അക്രമത്തിനിരയാവുകയും പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകരുടെ വാഹനം തന്നെ കയറി സിപിഎമ്മുകാരന്‍ മരിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതുള്‍പ്പെടെ സിപിഎം ജില്ലാ നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു. പയ്യന്നൂരിലെ സിപിഎമ്മുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കളളക്കേസില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കിയ സംഭവവും പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ താഴെതട്ടു മുതലുളള സംഘടനാ സംവിധാനം പോലീസില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും പോലീസുകാര്‍ക്കെതിരേയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും നടപടിക്ക് വൈമനസ്യം കാണിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടില്‍ സേനയ്‌ക്കകത്ത് പ്രതിഷേധം പുകയുകയാണ്.
















