കോട്ടയം: വോട്ടുചെയ്ത ആവേശത്തിമിര്‍പ്പില്‍ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇലക്ഷന്‍ കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇന്നലെയായിരുന്നു സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്്. നഴ്‌സറി മുതല്‍ പ്ലസ്ടു വരെയുള്ള സമ്മതിദായകരുടെ ചൂണ്ടുവിരലില്‍ ജനാധിപത്യ പ്രക്രിയയുടെ ആദ്യത്തെ മായാത്ത മഷിപ്പാടുപതിഞ്ഞപ്പോള്‍, അതുയര്‍ത്തിക്കാണിച്ച് കൂട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും അദ്ധ്യാപകരെയും അവര്‍ അഭിവാദ്യംചെയ്തു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇലക്ക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു സ്‌കൂളില്‍ വോട്ടിംഗ് നടത്തിയത്. സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേയ്‌ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇരുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ ജനസമ്മതി പരീക്ഷിച്ചു. ക്രമസമാധാന പാലനത്തിന് സെക്യൂരിറ്റി സംവിധാനംഒരുക്കിയത് സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകളാണ്. വോട്ടിംഗ് ക്രമീകരണങ്ങളും, മോക്ക്‌പോളും നടത്തി കൃത്യം 9.30ന് വോട്ടിംഗ് ആരംഭിച്ചു. 93.78% വോട്ടുകള്‍ പോള്‍ചെയ്തു. ക്യൂവിലുള്ളവര്‍ക്കും പ്രിസൈഡിങ് ഓഫീസറുടെ സ്ലിപ് വാങ്ങി വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനില്‍നിന്ന് അഡീഷണല്‍ സെക്രട്ടറിമാരായ സാജന്‍ സി.കെ, സന്തോഷ്, ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ബാലരാജ്, ഡെപ്യൂട്ടി കളക്ടര്‍ ഡാലിസ് ജോര്‍ജ്, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോസുകുട്ടി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേത്യത്വംനല്‍കി. ഉച്ചകഴിഞ്ഞു 2.30ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്തത് ഇലക്ക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. മൂന്നു ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. 4 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീതം ഒരുക്കിയിരുന്നു. സ്‌കൂള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ഗുരുപ്രഭാകരനേക്കാള്‍ 8 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുമാരി പാര്‍വ്വതി പി. വിജയിയായി. സ്‌കൂള്‍ ഹെഡ്‌ബോയി സ്ഥാനത്തേയ്‌ക്ക് എതിരാളി അഭിനവ് തോമ്‌സിനെക്കാള്‍ 54 വോട്ടുകള്‍ക്ക് സായൂജ് എറുവാങ്കായി വിജയിയായി. ഹെഡ് ഗേള്‍ സ്ഥാനത്തേയ്‌ക്ക് വിജയിച്ചത് കുമാരി അന്നാ എലിസബത്ത് ആന്റണിയാണ.് ഭൂരിപക്ഷം 9 വോട്ടുകള്‍. സ്‌പോര്‍ട്ട്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്‌ക്ക് മത്സരിച്ച നാലുപേരില്‍ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അക്ഷയ് സാജന്‍ വിജയിയായി.
















