തൃക്കരിപ്പൂര്‍: കാലങ്ങളായി ശോചനീയാവസ്ഥയിലുള്ള തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കാന്‍ പലവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും യഥാര്‍ത്ഥ്യമായില്ല. ഒടുവില്‍ മത്സ്യ തൊഴിലാളികളുടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി മത്സ്യ മാര്‍ക്കറ്റില്‍ രണ്ടു മുറികള്‍ പണി പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മത്സ്യ തൊഴിലാളികള്‍ക്ക് തുറന്ന് കൊടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പ്രാഥമിക കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ ഇന്നും മറവുകള് തേടി പരക്കം പായേണ്ട സ്ഥിതിയിലാണ് മത്സ്യ തൊഴിലാളികള്‍.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റിലെ സ്ത്രീ തൊഴിലാളികള്‍ വില്‍പ്പനക്കിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നാല്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുകയാണ്. പുതുതായി പണിത ശൗചാലയം തുറന്നു കൊടുക്കാത്തതിനാലാണ് ഈ കൊടിയ ദുരിതം തൊഴിലാളികള്‍ പേറുന്നത്. മാര്‍ക്കറ്റിന്റെ കിഴക്ക് ഭാഗത്തായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഒരു കക്കൂസ് ഉണ്ടായിരുന്നുവെങ്കിലും പുതിയ സംവിധാനം ഒരുക്കുന്നുവെന്ന് പറഞ്ഞ് അധികാരികള്‍ അത് പൊളിച്ചു മാറ്റി. പുതിയ കക്കൂസ് തുറന്നു കൊടുത്തതിന് ശേഷം മാത്രമെ നിലവില്‍ ഉപയോഗിച്ചു വരുന്ന ശൗചാലയം പൊളിച്ചുമാറ്റാവൂവെന്ന് തൊഴിലാളികള്‍ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിരുന്നുവെങ്കിലും അത് മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പറയുന്നു. ഫലത്തില്‍ പുതിയത് തുറന്നതുമില്ല, പഴയത് പൊളിക്കുകയും ചെയ്തതോടെ മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ പരിസരങ്ങളിലെ ഇടവഴികളും മറ്റു മറവുകളും തേടേണ്ട ഗതികേടിലായി. രാവിലെ ഒന്‍പത് മണിയോടെ മാര്‍ക്കറ്റ് സജീവമായിത്തുടങ്ങും. ഏറ്റവും കൂടുതലായി സ്ത്രീ തൊഴിലാളികളാണ് മീന്‍ വില്‍പ്പനക്കായി തൃക്കരിപ്പൂര്‍ മാര്‍ക്കറ്റില്‍ ഉള്ളത്. രാവിലെ മുതല്‍ തന്നെ അന്യ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള മീന്‍ വണ്ടികള്‍ മാര്‍ക്കറ്റിലെത്തിത്തുടങ്ങും.
ഇവരില്‍ നിന്ന് മീന്‍ വാങ്ങി അവരവരുടെ സീറ്റില്‍ ഇരുന്നു കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ വില്‍പ്പന രാത്രി ഏഴുമണിവരെ തുടരും. ഇതിനിടയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥലം അന്വേഷിച്ചു നടക്കേണ്ടി വരുന്നത് സ്ത്രീ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം വലിയ ദുരിതമാണ്. നിരവധി തവണ പഞ്ചായത്തിന്റെ മുന്നില്‍ ഈ പ്രശ്നം അവതരിപ്പിച്ചിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറാക്കുന്നില്ലെന്ന് തൊഴിലാളികളും സംഘടനകളും പറയുന്നു. എന്നാല്‍ നിലവിലുള്ള മാര്‍ക്കറ്റ് കെട്ടിടത്തില്‍ ഇരുന്ന് മത്സ്യ വില്പന നടത്താതെ പുതുതായി പണിത ശൗചാലയം തുറന്ന് കൊടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അധികാരികള്‍.
നിലവില്‍ മത്സ്യ മാര്‍ക്കറ്റിനായി ഒരു കെട്ടിടം ഉണ്ടെങ്കിലും അതില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഉപയോഗിക്കാറില്ല. ഇതോടെ പരിസരത്തെ കച്ചവടക്കാര്‍ മാര്‍ക്കറ്റ് കൈയ്യടക്കിയതൊടെ മീന്‍ കച്ചവടം പൂര്‍ണ്ണമായും മാര്‍ക്കറ്റിന് വെളിയിലായി. മാര്‍ക്കറ്റ് കെട്ടിടം ഉണ്ടായിട്ടും മഴയത്തും വെയിലത്തും കുടചൂടി കച്ചവടം ചെയ്യുകയാണ് ഇവിടെത്തെ തൊഴിലാളികള്‍.
മത്സ്യ മാര്‍ക്കറ്റിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാനായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരദേശ വികസന അതോറിറ്റി രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും, കൂടുതല്‍ സ്ഥല സൗകര്യങ്ങളുടെ ലഭ്യത അനിവാര്യമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ക്കറ്റിനോട് തൊട്ടു കിടക്കുന്ന സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ സ്ഥലം പൊന്നും വിലക്ക് വാങ്ങി അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ മാര്‍ക്കറ്റൊരുക്കുമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ നിലവിലുള്ള സൗകര്യം പോലും അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധത്തിലാണ് മത്സ്യ തൊഴിലാളികളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: