ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണച്ചും നന്ദി അറിയിച്ചും പ്രതികരണം നടത്തിയ ബലൂചിസ്ഥാനിലെ നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബലൂച് വിഘടനവാദി നേതാക്കളായ ബ്രഹംദാഗ് ബുഗ്തി, ഹര്‍ബിയര്‍ മാരി, ബനുക് കരിമ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാക്കിസ്ഥാനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം.
അഞ്ച് പ്രത്യേക കേസുകളാണ് ബലൂച്ച് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. മൂന്നു പേരും മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണച്ച് രംഗത്തെത്തിയത് വലിയ കുറ്റമായാണ് പാക്കിസ്ഥാന്‍ കണക്കാക്കുന്നത്. പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ ബലൂച്ചികളോടുള്ള ആഹ്വാനമാണ് മോദിയുടെ പ്രസംഗമെന്നും അതിനെ പിന്തുണച്ചവര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകളെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.
രാജ്യത്തിനെതിരെ യുദ്ധത്തിനു പ്രേരണ നല്‍കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, കുറ്റം മറച്ചുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബലൂച്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. മോദിയുടെ പ്രസംഗത്തെ തുടര്‍ന്ന് വലിയ തോതില്‍ ഗിരിവര്‍ഗ വിഭാഗക്കാര്‍ ക്വറ്റ, ചമന്‍, ദേറ ബുഗ്തി, ഖുസ്ദര്‍ തുടങ്ങിയ നഗരങ്ങളിലും ബലൂച്ചിന്റെ മറ്റു ഭാഗങ്ങളിലും പാക്കിസ്ഥാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാക് സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച ബലൂച്ച് മുഖ്യമന്ത്രി സനാഉള്ള സെഹ്‌റി, മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഭാരതമാണെന്ന് ആരോപിച്ചു.
ഏഴുപതിറ്റാണ്ടു നീണ്ട ബലൂച്ച് പ്രക്ഷോഭത്തില്‍ ഇതുവരെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയത് അരലക്ഷത്തിലധികം ബലൂച്ചി ജനതയെയാണെന്നാണ് വിഘടനവാദി നേതാക്കള്‍ ആരോപിക്കുന്നത്. 30,000 പേരെ പാക് സൈന്യം കൊലപ്പെടുത്തുകയും 24,000ത്തോളം പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
ബലൂച്ച് മേഖലയിലെ പ്രമുഖരായ പല നേതാക്കളും അപ്രത്യക്ഷരായതിന് പിന്നില്‍ പാക് സൈന്യവും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമാണെന്നാണ് ബലൂച്ച് വിമതര്‍ പറയുന്നു്. ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ മോദിയുടെ പ്രസംഗത്തിന് നന്ദി പറഞ്ഞതിനാണ് പാക് നടപടിയെന്ന് ബലൂച് നേതാക്കള്‍ പ്രതികരിച്ചത്.
















