കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സംഘാടകസമിതി ഓഫീസ് ഉദ്ഘാടന ചടങ്ങ് മുതിര്‍ന്ന നേതാക്കള്‍ക്ക് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം സമ്മേളനത്തെക്കുറിച്ചും കോഴിക്കോട്ടു നിന്നും പ്രവര്‍ത്തനമാരംഭിച്ച ദേശീയ പ്രസ്ഥാനങ്ങള്‍ കേരളമാകെ പടര്‍ന്നു പന്തലിച്ചതിനെക്കുറിച്ചും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
മുതര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലാണ് പഴയകാല സംഭവങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചത്. ജനസംഘ പ്രവര്‍ത്തന കാലത്തെക്കുറിച്ചും അന്ന് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെക്കുറിച്ചും പിന്നീട് രാഷ്‌ട്രീയ രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജനസംഘം പ്രസിഡന്റായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ നടന്ന നാലു ദിവസത്തെ ശിബിരത്തിലെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ദീനദയാല്‍ ഉപാദ്ധ്യായ മന്നോട്ടുവെച്ച ഏകാത്മ മാനവദര്‍ശനമാണ് സംഘടനയുടെ കൈമുതല്‍. ഈ ആശയത്തില്‍ അടിയുറച്ച് മുന്നോട്ടുപോയപ്പോള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
50 വര്‍ഷം മുമ്പ് കോഴിക്കോട് ജനസംഘം സമ്മേളനം നടക്കുമ്പോള്‍ ഗംഗ തെക്കോട്ടൊഴുകി എന്നാണ് വിശേഷിപ്പിക്കപ്പെട്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ പറഞ്ഞു. ഒരു പഞ്ചായത്ത് അംഗം പോലും ഇല്ലാതിരുന്ന കേരളത്തില്‍ വെച്ച് ജനസംഘം സമ്മേളനം നടത്താനെടുത്ത തീരുമാനത്തിനു പിന്നില്‍ ദീനദയാല്‍ ഉപാദ്ധ്യായ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ട കോഴിക്കോട്ട് വീണ്ടുമൊരു ദേശീയ സമ്മേളനം എത്തുമ്പോള്‍ ഭാരതം ഉറ്റുനോക്കുകയാണെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനം ഭാരതത്തിന്റെ രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റമാണ് ഉണ്ടാക്കിയത്. വീണ്ടുമൊരു ദേശീയ സമ്മേളനം കോഴിക്കോട്ടെത്തുമ്പോള്‍ കൈമെയ് മറന്ന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
















