തളിപ്പറമ്പ്: ദേശീയ പാത നാലുവരിയാക്കുമ്പോള്‍ ക്ഷേത്രത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ദേശീയ പാത 17 നാലുവരിയാക്കുമ്പോള്‍ പരിയാരം പഞ്ചായത്ത് ബസ് സ്റ്റോപ്പിനടുത്തുള്ള ശ്രീ കൊട്ടിയൂര്‍ നന്മഠം ക്ഷേത്രം പൂര്‍ണ്ണമായും പൊളിച്ച് മാറ്റേണ്ടി വരും. ഏറെ കാലപ്പഴക്കമുള്ള ക്ഷേത്രത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
ദേശീയ പാത 4 വരിയാക്കി വികസിപ്പിക്കുമ്പോള്‍ ബാധിക്കാന്‍ സാദ്ധ്യതയുള്ള ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഇത്തരം ഭാഗങ്ങളില്‍ ആരാധനാലയങ്ങളെ നിലനിര്‍ത്തി വേണം റോഡ് വീതി കൂട്ടാനെന്നും പ്രതിഷേധ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
ക്ഷേത്രാങ്കണത്തില്‍ നടന്ന ധര്‍ണ്ണ ക്ഷേത്രം പ്രസിഡന്റ് കെ.രവിയുടെ അദ്ധ്യക്ഷതയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് മേഖല ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി പി.വി.സതീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
















