കണ്ണൂര്‍: ദേശീയപാതയില്‍ പള്ളിക്കുന്ന് മുതല്‍ ധര്‍മശാല വരെ ഡിവൈഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്തമാസം ആരംഭിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഡര്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ചാല മുതല്‍ പള്ളിക്കുന്ന് സെന്‍ട്രല്‍ ജയില്‍ വരെ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ട്. കല്യാശേരി വളവിലും റോഡിനു വീതികൂട്ടി ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. മഴയെ തുടര്‍ന്നു നിര്‍ത്തിവച്ച പ്രവൃത്തിയാണ് അടുത്ത മാസം തുടങ്ങുകയെന്നു ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഡിവൈഡര്‍ സ്ഥാപിച്ചതിനുശേഷം അപകടങ്ങള്‍ കുറഞ്ഞതിന്റെയും മത്സരയോട്ടം ഒഴിവാക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഡിവൈഡര്‍ നീട്ടണമെന്നു പല കോണുകളിലും നിന്ന് ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഡിവൈഡര്‍ സ്ഥാപിക്കുന്നത്. കല്യാശേരി വളവില്‍ ഡിവൈഡര്‍ സ്ഥാപിച്ചതിനെ തുടര്‍ന്നു അവിടേയും ഗതാഗതക്കുരുക്ക് ഒഴിവായിട്ടുണ്ട്. ഇവിടെയുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ കണ്ണപുരം പോലീസ് തീരുമാനമെടുക്കും. ഡിവൈഡര്‍ സ്ഥാപിക്കുമ്പോള്‍ ബസ് സ്റ്റോപ്പുകള്‍ ഗതാഗതക്കുരുക്കിനു കാരണമാവുന്നുണ്ട്.
ബസ്‌ബേ സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തതാണ് ഇതിനു പ്രധാന കാരണം. ഡിവൈഡര്‍ വരുന്നതോടെ പള്ളിക്കുളം മുതല്‍ കീച്ചേരി വരെ അപകടങ്ങള്‍ കുറയുമെന്നാണു പോലീസിന്റെയും കണക്ക് കൂട്ടല്‍. അതേസമയം ചാല മുതല്‍ പള്ളിക്കുന്ന് വരെ സ്ഥാപിച്ച ഡിവൈഡറുകള്‍ പലേടത്തും വാഹനങ്ങളിടിച്ചു തകര്‍ന്ന നിലയിലാണ്. പലയിടത്തും ഡിവൈഡറുകളില്‍ റിഫ്ഌക്ടറുകള്‍ സ്ഥാപിക്കാത്തതും രാത്രികാലയാത്ര ദുരിതമാക്കുന്നുണ്ട്.
















