കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ നിര്‍മാണം സപ്തംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിവിഷന്‍ റീജ്യണല്‍ മാനേജര്‍ നരേഷ് ലല്‍വാനി പറഞ്ഞു. നവംബറില്‍ റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിവിധ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികളുടെ നിര്‍മാണം വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നിലവില്‍ പുരോഗമിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനാവും. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന കവാടത്തില്‍ എന്‍ജിനീയറിങ് സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. എന്‍ജിനീയറിങ് വിഭാഗങ്ങള്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നുവരുന്ന സബ് വേ, ലിഫ്റ്റ് എന്നിവയുടെ നിര്‍മാണവും ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് 4.10 ഓടെയാണ് ഡി.ആര്‍.എം നരേഷ് ലാല്‍വാനിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ സ്‌റ്റേഷനിലെത്തിയത്. സീനിയര്‍ ഡിവിഷനല്‍ ടെലികോം എന്‍ജിനീയര്‍ എന്‍.രാമചന്ദ്രന്‍, സീനിയര്‍ ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഡി. വേണുഗോപാല്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ ശെല്‍വിന്‍, സീനിയര്‍ ഡിവിഷനല്‍ കമേഴ്‌സ്യല്‍ മാനേജര്‍ കെ.പി.ദാമോദരന്‍, സീനിയര്‍ ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍ ടി.ടി.ജോണ്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
















