ആലപ്പുഴ: സാംസ്‌കാരിക മഹിമയുടെ ഈറ്റില്ലവും സമരപോരാട്ടങ്ങളുടെ വിളനിലവുമായ ആലപ്പുഴ നഗരത്തിന്റെ ശില്പി രാജാ കേശവദാസിന്റെ പൂര്‍ണ്ണകായ പ്രതിമയെ ഭരണകൂടം അവഹേളിക്കുന്നു. ദേശീയപാതയ്‌ക്ക് സമീപം കളര്‍കോട് ചങ്ങനാശേരി ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമയെ മറച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ഫ്‌ളക്‌സ് ബോര്‍ഡുകളും രാഷ്‌ട്രീയ- സാമുദായിക സംഘടനകളുടെ കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് പ്രതിമ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിമയ്‌ക്കുചുറ്റും പുല്ലുവളര്‍ന്ന് നില്‍ക്കുന്നതടക്കമുള്ള മരക്കൊമ്പുകള്‍ ചാഞ്ഞ് പ്രതിമയ്‌ക്കു ഭീഷണിയായി നിലകൊള്ളുന്നു.
എട്ടുവര്‍ഷങ്ങള്‍ മുമ്പ് എസ്ഡി കോളേജ് മാനേജ്‌മെന്റ് നല്‍കിയ സ്ഥലത്ത് വില്‍സണ്‍ പൂക്കായിയാണ് നഗരശില്പിയുടെ പന്ത്രണ്ട് അടി ഉയരമുള്ള പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചത്. എന്നാല്‍ പ്രതിമയുടെ അനാച്ഛാദനത്തിനുശേഷം നാളിതുവരെ ഭരണകൂടം ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിമയുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കിയും ജനശ്രദ്ധ ലഭിക്കത്തക്ക വിധത്തില്‍ സംവിധാനമൊരുക്കിയും നഗരശില്പിയുടെ പ്രതിമ കാണാനുള്ള അവസരമൊരുക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതിമയെ മറച്ച് സ്ഥാപിച്ചിട്ടുള്ള ദിശാ സൂചികകളും സിഗ്നല്‍ ലൈറ്റ് പോസ്റ്റുകളും പ്രതിമയുടെ പ്രധാന കാഴ്ച നഷ്ടപ്പെടുത്തുന്നു. മാറി മാറി ഭരിച്ച നഗരഭരണകര്‍ത്താക്കള്‍ ആലപ്പുഴയുടെ അടയാളങ്ങളെ അവഹേളിക്കുന്നത് പതിവായിരിക്കുകയാണെന്നും ജനപ്രതിനിധികള്‍ പലപ്പോഴായി പറഞ്ഞ വാഗ്ദാനങ്ങള്‍ ജലരേഖകളായതിന്റെ ഉത്തമോദാഹരണമാണ് രാജാകേശവദാസിന്റെ പ്രതിമയോട് കാണിക്കുന്നതെന്നും നഗരവാസികള്‍ അഭിപ്രായപ്പെടുന്നു.
















