കൊട്ടാരക്കര: മോദിസര്‍ക്കാര്‍ ഭാരതത്തിന്റെ കാര്‍ഷികമേഖലക്ക് പുത്തന്‍ദിശാബോധവും ഉണര്‍വും നല്‍കിയതായി ബിജെപി സംസ്ഥാനസെക്രട്ടറി എ.കെ.നസീര്‍.
ഭാരതീയജനതാകര്‍ഷമോര്‍ച്ചയുടെ കൊല്ലം ജില്ലാസമ്മേളനവും കര്‍ഷകവന്ദനദിനവും കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന പഴഞ്ചന്‍രീതികള്‍ മാറ്റി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് കാലാവസ്ഥക്ക് അനുയോജ്യമായ കൃഷിസമ്പ്രദായത്തിലൂടെ കൂടുതല്‍ നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഗുണം വരുംവര്‍ഷങ്ങളില്‍ ഭാരതത്തിന് അനുകൂലമാകും.
വിള ഇന്‍ഷ്വറന്‍സിലൂടേയും സബ്‌സിഡിയിലൂടെയും കാലാവസ്ഥവ്യതിയാനവും പ്രകൃതിക്ഷോഭവും മൂലം കര്‍ഷകനുണ്ടാകുന്ന മുഴുവന്‍ നഷ്ടവും തിരികെ ലഭിക്കുന്ന രീതി പ്രാബല്യത്തില്‍ വന്നതോടെ കൃഷിഉപേക്ഷിച്ചുപോയവരും, യുവാക്കളും ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍ കേരളം ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷമോര്‍ച്ച ജില്ലാപ്രസിഡന്റ് സുഭാഷ് പട്ടാഴി അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാനസെക്രട്ടറി രാജിപ്രസാദ്, കര്‍ഷകമോര്‍ച്ച സംസ്ഥാന നേതാക്കളായ ബൈജു ചെറുപൊയ്‌ക, ചവറ ഹരി, ബിജെപി നേതാക്കളായ അഡ്വ.പി. അരുള്‍, അഡ്വ.വയയ്‌ക്കല്‍ സോമന്‍, കരീപ്ര വിജയകുമാര്‍, കര്‍ഷക മോര്‍ച്ച നേതാക്കളായ ഹരീഷ്‌കുമാര്‍, മധുവട്ടവിള, ചാലൂക്കോണം അജിത്ത്, സന്തോഷ് വെട്ടിക്കവല, ഇടമണ്‍റെജി, വാസുദേവന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പവിത്രേശ്വരത്ത് ഒരേക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് ജൈവകൃഷിക്ക് തുടക്കം കുറിച്ചു. വീടുകള്‍ സന്ദര്‍ശിച്ച് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
കര്‍ഷകമോര്‍ച്ചയുടെ പരിപാടികളില്‍ ഇനിമുതല്‍ ഫഌക്‌സുകള്‍ ഉപയോഗിക്കില്ലന്നും സമ്മേളനം പ്രഖ്യാപിച്ചു.
















