തളിപ്പറമ്പ്: ജൈവ വൈവിധ്യസങ്കേതമായ കാവ് കയ്യേറി ചെങ്കല്‍ക്വാറി നിര്‍മ്മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതി. ടിടികെ ദേവസ്വത്തിന്റെയും പടപ്പേങ്ങാട് ദേവസ്വത്തിന്റെയും കൂട്ടായ കൈവശാവകാശത്തിലുള്ള കൊളത്തൂരിലെ നാലേക്കറോളം വരുന്ന ജൈവസങ്കേതമാണ് ചിലര്‍ കയ്യേറി ചെങ്കല്‍ക്വാറി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. മാവിലാപ്പാറ അവിടുത്ത് മേപ്പാട്ട് കാവ് ദേവസ്ഥാനം കുടികൊള്ളന്ന പ്രദേശമാണിത്. പാലോട്ട് ദൈവത്താര്‍, വീരഭദ്രന്‍ തുടങ്ങിയ ദൈവക്കോലങ്ങള്‍ കെട്ടിയാടിക്കാറുളള ഈ സ്ഥലം ആദിവാസിവിഭാഗമായ മാവിലന്‍ സമുദായക്കാരുടെ ആചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദേവസ്ഥാനമാണ്. നൂറ്റാണ്ടുകളായി ദേവീസങ്കല്‍പ്പവും നിറയെ വള്ളിപ്പടര്‍പ്പുകളും മരങ്ങളും നിറഞ്ഞ ഈ പ്രദേശം ജൈവ ആവാസവ്യവസ്ഥകളാല്‍ സമ്പന്നമാണ്. ഹിന്ദു ധര്‍മ്മസ്ഥാപന വകുപ്പിന്റെ അനുമതിയില്ലാതെ ഈ ഭൂമി മറ്റാര്‍ക്കും കൈമാറാന്‍ ഉടമകളായ ദേവസ്വത്തിന് പോലും സാധിക്കില്ലെന്നിരിക്കെ അടുത്തകാലത്തായി ചിലര്‍ ഈ ഭൂമി അനധികൃതമായി കയ്യേറി ചെങ്കല്‍ ക്വാറികള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിവരികയാണ്. മരങ്ങള്‍ മുറിച്ചുമാറ്റി ചെറിയ പാറ ഭാഗത്ത് യന്ത്രം കൊണ്ട് ചെങ്കല്‍ ഖനനം ആരംഭിച്ചിട്ടുണ്ട്. കയ്യേറ്റശ്രമം ശ്രദ്ധയില്‍പ്പെട്ട ടിടികെ പടപ്പേങ്ങാട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ മുന്‍സിഫ് കോടതിയെ സമീപിച്ച് ഇതിന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. കാവ് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശത്തെ ഭക്തജനങ്ങളുടെ ആവശ്യം.
















