ന്യൂദൽഹി: ബുലന്ദ്‌ഷഹറിൽ അമ്മയേയും 14കാരിയായ മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം സിബിഐ അന്വേഷിക്കും. അലഹബാദ് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.ബി ഭോസ്ലെ, ജസ്റ്റിസ് യശ്വന്ത് വര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിട്ടത്.
ജൂലൈ 29ന് നോയിഡയില്‍നിന്ന് ഷാജഹാന്‍പുരിലേക്ക് കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന അമ്മയേയും മകളേയും ഹൈവേയിൽ വച്ച് നാടോടികളെന്ന് സംശയിക്കുന്ന സംഘം തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. അക്രമി സംഘത്തില്‍ നിന്ന് മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തിൽ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. കുടുംബം പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് അഖിലേഷ് യാദവ് സർക്കാരിനെതിരെ ഉയർന്നിരുന്നത്.
















