ബെംഗളൂരു: മക്കളുടെ കാര്യം വരുമ്പോള്‍ ചിലര്‍ക്ക് കഴുതപ്പാലും അമൃതാണ്. അതാണിപ്പോള്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്ലാസിന് 50 രൂപവരെയാണ് ബംഗളൂരുവില്‍ കഴുതപ്പാലിന് വില. കാരണം മറ്റൊന്നുമല്ല, നവജാതരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കഴുതപ്പാല്‍ ഉത്തമമാണെന്ന് ഒട്ടേറെ മാതാപിതാക്കള്‍ കരുതുന്നു.
കുട്ടികളിലുണ്ടാകുന്ന ആസ്തമക്കും ജലദോഷത്തിനും ചുമയ്‌ക്കുമെതിരെ കഴുതപ്പാല്‍ ഫലപ്രദമായ ഔഷധമാണത്രെ. പോഷകഗുണത്തില്‍ അമ്മയുടെ പാലിനോട് കഴുതപ്പാലിന് ഏറെ സാമ്യമുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ഡെയറി സയന്‍സ് സ്‌പെഷ്യല്‍ ഓഫീസര്‍ എം.എം. ജയപ്രകാശ് സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തതോടെ പ്രിയമേറുകയും ചെയ്തു.
മുലയൂട്ടുന്ന അമ്മ രോഗബാധിതയാണെങ്കില്‍ കഴുതപ്പാല്‍ പകരമാക്കാമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഉത്പാദനം തീരെകുറവായതിനാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കച്ചവടം നടക്കില്ലെന്നു മാത്രം. ഓര്‍ക്കുക, കഴുതകള്‍ ഇനി വെറും കഴുതകളല്ല.
















