തളിപ്പറമ്പ്: ചങ്ങനാശേരിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാകേസിലെ പ്രതിയെ തളിപ്പറമ്പില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പോണ്ടിച്ചേരി മേലെ കാസക്കൊടി സ്വദേശി ദീപക് ജാംഗ്ലിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തളിപ്പറമ്പ് സിഐ കോടതിയില്‍ ഹരജി നല്‍കി. കോരളത്തിലെ ഏറ്റവും സമര്‍ത്ഥരായ കവര്‍ച്ചക്കാരില്‍ ഒരാളായാണ് ദീപക്കിനെ വിലയിരുത്തുന്നത്. വീടുകളില്‍ പകല്‍ സമയം കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി.
ചങ്ങനാശ്ശേരി ടൗണിലെ ഒരു വീട്ടില്‍ കവര്‍ച്ച നടത്തുമ്പോഴാണ് ഇയാള്‍ ആദ്യമായിപിടിയിലായത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പിലെ രണ്ട് കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടായത്. കഴിഞ്ഞ ജൂണ്‍ 21ന് രാവിലെ 10 മണിക്ക് നാടുകാണിയിലെ മടത്തില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കവര്‍ന്നതും നരിക്കോട്ടെ ഉമാശങ്കറിന്റെ വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതും ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിരുന്നു. കേസിന്റെ തെളിവെടുപ്പിനാണ് ഇയാളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
















