മനുവും ബെറ്റിയും കുഞ്ഞുമായി
ചേര്‍ത്തല: മാസം തികയുന്നതിനു മുമ്പ് അരകിലോ മാത്രം തൂക്കവുമായി ആറാം മാസം ജനിച്ച കുഞ്ഞ് 77-ാം ദിനം രണ്ട് കിലോ ഭാരവും പൂര്‍ണആരോഗ്യവുമായി ആശുപത്രി വിട്ടത് വൈദ്യശാസ്ത്ര രംഗത്തെ മറ്റൊരു നാഴികക്കല്ലായി. പാതിരപ്പള്ളി പണിക്കല്‍പുരയില്‍ മനുജോണ്‍ -–ബെറ്റി ദമ്പതികളുടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് 25 ആഴ്ച മാത്രം വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന് ബെറ്റി ജന്മംനല്‍കിയത്. പ്രസവവേദനയെ തുടര്‍ന്ന് ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രിയില്‍ എത്തിച്ച ബെറ്റിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രസവം നടത്തിയത്. തലച്ചോറിന് ഉണ്ടാകുന്ന തകരാറുകള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളും നേരത്തെ സ്വീകരിച്ചിരുന്നതായി ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരായ കെ. അനന്തനും ജോസഫ് പോളും പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളെകുറിച്ച് പരിശീലനം ലഭിച്ച മെഡിക്കല്‍ സംഘമാണ് പരിചരണത്തിന് നേതൃത്വം നല്‍കിയതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. വെന്റിലേറ്ററില്ലാതെ സീ പാപ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ശ്വസനപ്രക്രിയയും ഗര്‍ഭാവസ്ഥയിലുള്ള ശരീരോഷ്മാവ് ക്രമീകരിക്കുകയും ചെയ്തത്. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകളും മറ്റ് പോഷക ഘടകങ്ങളും പൊക്കിള്‍ക്കൊടിയിലൂടെയാണ് നല്‍കിയത്. ആദ്യനാളുകളില്‍ ട്യൂബിലൂടെ മുലപാല്‍ നല്‍കിയെങ്കിലും ജനിച്ച് രണ്ട് ആഴ്ചയെത്തിയപ്പോള്‍ കുഞ്ഞ് തനിയെ പാല്‍കുടിക്കാന്‍ തുടങ്ങി. ഗര്‍ഭാവസ്ഥയില്‍ ഇരിക്കേണ്ട 34-ാം ആഴ്ചയില്‍ കുഞ്ഞ് സ്വയം പാല്‍കുടിക്കുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുന്ന നിലയിലെത്തി. പ്രസവം മുതല്‍ മൊത്തം നാല് ലക്ഷത്തോളം രൂപ ചിലവായതായും മനു പറഞ്ഞു. കാനഡയിലെ സര്‍വകലാശാലയില്‍ ഗവേഷകനാണ് മനു.
















