കൃഷ്ണന് അമേരിക്കയിലേക്ക്
ഒരു പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പാണ് സി. വി.കൃഷ്ണന് എന്ന തൃശൂര്‍ക്കാരനെ ന്യൂയോര്‍ക്കിലെത്തിച്ചത്. ആറ്റോമിക് എനര്‍ജിയില്‍ പിഎച്ച്ഡി കഴിഞ്ഞ സമയം. ന്യൂയോര്‍ക്കിലെ സ്റ്റോണിബ്രൂക് സര്‍വകലാശാലയില്‍ ഫെല്ലോഷിപ്പ് ലഭിച്ചതോടെ പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ആദ്യം കൃഷ്ണന്. ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ 49 വര്‍ഷം പിന്നിടുന്നു. അമേരിക്ക, കൃഷ്ണനെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.
കൃഷ്ണന് അമേരിക്കയേയും. സ്റ്റോണിബ്രൂക് സര്‍വകലാശാലയില്‍ അദ്ധ്യാപകനായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം. അമേരിക്കയിലെ സ്കൂള്‍ അദ്ധ്യാപകരുടെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഡോ.കൃഷ്ണന് വലിയ പങ്കുണ്ടായിരുന്നു. 1984ല്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റീഗന് രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്ര അദ്ധ്യാപകനുള്ള എക്സലന്‍സ് അവാര്‍ഡ് നല്കി ഡോ.കൃഷ്ണനെ ആദരിച്ചു. എണ്ണിയാല്‍ തീരാത്ത പുരസ്കാരങ്ങളുണ്ട് നേട്ടങ്ങളുടെ പട്ടികയില്‍.
എങ്കിലും ഈ മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം ആ വിശാലമായ മനസാണെന്ന് പറയും പരിചയപ്പെടുന്ന ആരും. 84ല്‍ തന്നെ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ നിക്കോള്‍സ് അവാര്‍ഡ്, 89 ല്‍ യുഎസ്സും കാനഡയും ചേര്‍ന്നുനല്‍കുന്ന കാറ്റലിസ്റ്റ് അവാര്‍ഡ്, 92ല്‍ ഡിസ്നി ചാനലിന്റെ അമേരിക്കന്‍ ടീച്ചര്‍ അവാര്‍ഡ് ഇങ്ങനെ ലോകം ബഹുമാനത്തോടെ കാണുന്ന ഒട്ടേറെ പുരസ്കാരങ്ങള്‍ തേടിയെത്തിയപ്പോഴും വിനയം വിടാതെ ഒരദ്ധ്യാപകന് മാത്രമായി ജീവിക്കാന്‍ കഴിയുന്നത് നേട്ടമായി കാണുന്നു ഡോ. വി.കൃഷ്ണന്.
വിദ്യാഭ്യാസം തന്നെ എല്ലാം
മനുഷ്യനെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നാണ് ഡോ. സി.വി.കൃഷ്ണന്റെ അഭിപ്രായം. ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പരിമിതികളിലൊന്ന് അത് ചെറിയ കുട്ടികള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു എന്നതാണ്.
വിദ്യാഭ്യാസത്തെ ഒരു ഭാരമായി കാണുന്ന രീതി മാറണം. ഈ ലക്ഷ്യത്തോടെ സ്വന്തം നാട്ടില്‍ തന്റേതായ ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നു. വിദ്യാഭ്യാസം കുട്ടികളുടെ മാത്രമല്ല അദ്ധ്യാപകരുടേയും മേഖലയാണ്. പരിശീലനം കുട്ടികള്‍ക്കുമാത്രം പോര അദ്ധ്യാപകര്‍ക്കും വേണം. പഠിപ്പിക്കല്‍ ഒരു കലയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഒരു മതപ്രഭാഷകനെപ്പോലെ താന്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളിലേക്ക് ആഴത്തില്‍ പതിപ്പിക്കാന്‍ അദ്ധ്യാപകന് കഴിയണം. അല്ലെങ്കില്‍ ഒരു മാജിക്കുകാരനെപ്പോലെ കുട്ടികളെ വിസ്മയിപ്പിച്ച് ശാസ്ത്ര രഹസ്യങ്ങളിലേക്ക് താല്പര്യം ജനിപ്പിക്കാന്‍ കഴിയണം. വിദ്യാഭ്യാസം ആകര്‍ഷണീയമാകുന്നത് അദ്ധ്യാപകന് അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഡോ.കൃഷ്ണന് പറയുന്നു.
കേരളത്തില്‍ ശരാശരി ഒരദ്ധ്യാപകന് 30 കുട്ടികള്‍ എന്ന നിലക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു. ഇവിടെ അദ്ധ്യാപകന്റെ സ്കില്‍ വളരെ പ്രധാനമാണ്.
തറവാട് വിറ്റിട്ടായാലും വിദ്യാഭ്യാസം നേടണമെന്നതാണ് ഈ മഹാനായ അദ്ധ്യാപകന്റെ ജീവിത ദര്‍ശനം. കുടുംബസ്വത്ത് മക്കള്‍ക്ക് വീതിച്ചുനല്‍കുന്നതിനെക്കാള്‍ നല്ലത് അത് വിറ്റിട്ടായാലും അവര്‍ക്ക് ഉന്നതമായ വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് അദ്ദേഹം പറയുന്നു.
വിനോദത്തിലൂടെ വിദ്യ
വിനോദത്തിലൂടെ വിദ്യ എന്ന രീതി ഇപ്പോള്‍ അമേരിക്കയിലും വികസിത രാജ്യങ്ങളിലും കൂടുതല്‍ വ്യാപകമാകുന്നുണ്ട്. ഈ സമ്പ്രദായം നമുക്കും പരീക്ഷിക്കാവുന്നതാണ്. വര്‍ക്ക് എത്തിക്സ് അഥവാ തൊഴില്‍മൂല്യം നമ്മുടെ നാട്ടില്‍ വളരെ കുറവാണ്. ചെയ്യുന്ന ജോലിയോട് സമര്പ്പണമുണ്ടാകണം അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥിയായാലും. അതിന് ഫലവുമുണ്ടാകും.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ഡോ.കൃഷ്ണന് ഇപ്പോള്‍ ആറുമാസം അമേരിക്കയിലും ആറുമാസം തൃശൂരില്‍ സ്വന്തംനാടായ ചേര്‍പ്പിലുമാണ് താമസം.
കളിക്കാം പഠിക്കാം സോപാനത്തില്‍
പുതിയ തലമുറയെ ശാസ്ത്രവും കലകളും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേര്‍പ്പില്‍ സോപാനം എന്ന പേരില്‍ ഒരു വലിയ സ്ഥാപനം പടുത്തുയര്‍ത്തിയിട്ടുണ്ട് ഇദ്ദേഹം. താന്‍ പറയുന്ന കാര്യങ്ങളോട് ഡോ.കൃഷ്ണന് എത്രമാത്രം പ്രതിബദ്ധതയുണ്ട് എന്നതിന്റെ തെളിവാണ് സോപാനം. ഇവിടെ കുട്ടികള്‍ക്ക് ലളിതവും മനോഹരവുമായി ശാസ്ത്രം പഠിക്കാം. ഗണിതം പഠിക്കാം. നൃത്തവും സംഗീതവും നാടകവും പഠിക്കാം.
യോഗ അഭ്യസിക്കാം. കമ്പ്യൂട്ടറും കെമിസ്ട്രിയും ഫിസിക്സും പഠിക്കാം. എല്ലാം തീര്‍ത്തും സൗജന്യം. അരയേക്കറിലധികം വരുന്ന സ്ഥലം വിലകൊടുത്തുവാങ്ങി അവിടെ ആധുനിക സൗകര്യങ്ങളോടെ ലബോറട്ടറികള്‍ ഉള്‍പ്പടെ പടുത്തുയര്‍ത്തിയത് സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ്. പുതിയ തലമുറക്ക് ശരിയായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യം മാത്രമാണ് മനസ്സില്‍. രണ്ടുകോടിയിലേറെ രൂപ ചെലവായി സോപാനം നിര്‍മ്മിക്കാന്‍.
എല്ലാത്തിനും പിന്തുണയായി കൂടെയുണ്ട് പത്നി നളിനി കൃഷ്ണന്. രണ്ടുപേരും ചേര്‍ന്നുള്ള ഒരു ട്രസ്റ്റാണ് ഇപ്പോള്‍ സോപാനം നടത്തുന്നത്. പ്രതിവര്‍ഷം പത്തുലക്ഷം രൂപയോളം ഇവിടെ അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഓണറേറിയം നല്കാന് ചെലവാക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ സോപാനത്തിന്റെ പടികയറിയെത്തുമ്പോള്‍ ഡോ. കൃഷ്ണനും പത്നി നളിനികൃഷ്ണനും ചാരിതാര്‍ത്ഥ്യം മാത്രം, തങ്ങളുടെ പ്രയത്നം വ്യഥാവിലായില്ലെന്ന്.
നാടിന്റെ കൃഷ്ണന്
താന്‍ പഠിച്ച ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മറ്റുമായി വലിയൊരു തുക നീക്കിവെച്ചിട്ടുണ്ട് ഇദ്ദേഹം. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, തൃശൂര്‍ എംപി സി.എന്‍. ജയദേവന് തുടങ്ങിയവരുമായി സംസാരിച്ച് വിജ്ഞാന് സാഗര്‍ പദ്ധതി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പില്‍ ഒരു വലിയ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് മുന്നില്‍ ഈ പദ്ധതി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഡോ.കൃഷ്ണന് നാട്ടിലെത്തിയതറിഞ്ഞാല് സന്ദര്‍ശനത്തിന് ആളുകളുടെ തിരക്കാണ്. പലതരം കാര്യങ്ങള്‍ പറഞ്ഞ് പലരും വരുന്നുണ്ട്. എല്ലാവരേയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കും. താന്‍ വലിയ ശാസ്ത്രജ്ഞനാണെന്നോ പുരസ്കാര ജേതാവാണെന്നോ കരുതുന്നതിലുമപ്പുറം അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു നല്ല അദ്ധ്യാപകനാണ് എന്ന് കരുതാനാണ് ഡോ.കൃഷ്ണന് ഇഷ്ടം.
വാക്കുകളിലും പ്രവൃത്തിയിലുമെല്ലാം ആ ലാളിത്യം നിറഞ്ഞു നില്ക്കുന്നു. അതുകൊണ്ടുതന്നെ ഡോ. കൃഷ്ണനെ കാണാനെത്തുന്നവര്‍ക്കും അതൊരു പുതിയ അനുഭവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: