ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വിവിധവി ഭാഗങ്ങളിലുള്ള വള്ളങ്ങള്‍ക്ക് നല്‍കുന്ന ബോണസ് തുകയ്‌ക്ക് കളക്‌ട്രേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ആധ്യക്ഷ്യം വഹിച്ചു.
ഫൈനലില്‍ എത്തുന്ന നാലുചുണ്ടന്‍ വള്ളങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ബോണസ് ലഭിക്കും. ലൂസേഴ്‌സ് ഫൈനലില്‍ നാലു വള്ളങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം ലഭിക്കും. രണ്ടാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് മൂന്നുലക്ഷം വീതവും മൂന്നാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം വീതവും ലഭിക്കും. നാലാം ലൂസേഴ്‌സ് ഫൈനലിലെത്തുന്ന നാലുപേര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 1,20,000 രൂപ വീതവും ലഭിക്കും.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള എട്ടു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും വെപ്പ് ഗ്രേഡ് ബി വിഭാഗത്തിലുള്ള നാലു വള്ളങ്ങള്‍ക്ക് 80,000 രൂപ വീതവും ബോണസ് ലഭിക്കും.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലുള്ള അഞ്ചു വള്ളങ്ങള്‍ക്ക് 1,10,000 രൂപ വീതവും ഇരുട്ടുകുത്തി ഗ്രേഡ് ബി ഗ്രേഡ് വിഭാഗത്തിലുള്ള 16 വള്ളങ്ങള്‍ക്ക് 80,000 രൂപവീതവും ലഭിക്കും. മൂന്നു ചുരുളന്‍ വള്ളങ്ങള്‍ക്ക് 65,000 രൂപ വീതം ലഭിക്കും. തെക്കനോടി വനിതാ വിഭാഗത്തിലുള്ള അഞ്ചുവള്ളങ്ങള്‍ക്ക് 70,000 രൂപ വീതവും ലഭിക്കും. ആകെ 1,05,75,000 രൂപയാണ് ബോണസ് തുകയായി നല്‍കുക.
നെഹ്‌റു ട്രോഫി ജലമേളയുടെ തത്സമയ ദൃശ്യങ്ങള്‍ ഇരുകരകളിലുമുള്ളവര്‍ക്ക് ദൃശ്യമാകത്തക്ക വിധം വലിയ എല്‍.ഇ.ഡി. സ്ഥാപിക്കും. ഇതുവഴി സ്റ്റാര്‍ട്ടിങ്ങും മറ്റും വീഡിയോയിലൂടെ കാണാനാവും. കൂടാതെ ഇത്തവണ ആദ്യമായി വിധി നിര്‍ണയത്തിന് സഹായകരമായ രീതിയില്‍ ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കും. നാലുട്രാക്കുകള്‍ക്കുള്ള നാലു ജഡ്ജസിന് മുന്നിലാണ് ഡിജിറ്റല്‍ ടൈമര്‍ സ്ഥാപിക്കുക. ഇത് സ്റ്റാര്‍ട്ടിങ് ആരംഭിക്കുന്നതുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിനിഷ് ചെയ്യുന്നതോടെ ഓരോ ജഡ്ജിനും ഒറ്റ ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനം നിര്‍ത്താം. കുറേക്കൂടി കൃത്യതയോടെ ഫിനിഷിങ് സമയം നിര്‍ണയിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രയോജനം. നിലവില്‍ സ്റ്റോപ്പ് വാച്ച് ഉപയോഗിച്ചുള്ള ഫിനിഷിങ് രേഖപ്പെടുത്തലും തുടരും.
സെമിനാറിലും വിഷയം
ശബരിമല പ്രവേശനം
ആലപ്പുഴ: നെഹ്‌റു ട്രോഫി സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ സെമിനാറില്‍ ചര്‍ച്ചയായത് ശബരിമലയിലെ സ്ത്രീപ്രവേശനം. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയം കണ്ടില്ലെന്ന് നടിച്ച് ശബരിമലയെ അവഹേളിക്കാനാണ് ഉദ്ഘാടകനായ കുരീപ്പുഴ ശ്രീകുമാര്‍ ശ്രമിച്ചത്. വസ്ത്രം ധരിക്കാന്‍ സമരം ചെയ്ത നാടാണ് നമ്മുടേത്. അമ്മ മനസ്സില്‍ ഉടലെടുത്ത വലിയ സാഹിത്യങ്ങള്‍ ചരിത്രത്തില്‍ ഇടം നേടാതെപോയി. മുലച്ചിപ്പറമ്പ് എന്ന സ്ഥലവും നങ്ങേലിയും ആദ്യകാല നായിക പി.കെ. റോസിയുടെ ജീവിതവും ഈ അവഗണനയുടെ കഥയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അദ്ധ്യക്ഷത വഹിച്ചു.
കളക്ടര്‍ ഒരുക്കം വിലയിരുത്തി
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട പന്തല്‍നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ വിലയിരുത്തി. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. നെഹ്‌റു പവിലിയന്‍, ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കളക്ടര്‍ ഒരുക്കം വിലയിരുത്തിയത്.
















