
തലശ്ശേരി: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ബൂത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി ബൂത്തിലെ ജീവനക്കാരന്‍ മരിച്ചു. നാലുപേരെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോള്‍ബൂത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും അപകടത്തില്‍ തകര്‍ന്നു. കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവന്‍(60)ആണ് മരിച്ചത്. മറ്റു ജീവനക്കാരായ മുഴപ്പിലങ്ങാട് മഠത്തിനടുത്ത് തെക്കെ കുന്നുമ്പ്രത്തെ ലത(45), കരിതൂര്‍ പുല്ല്യോട്ട് സ്വദേശിയും ഇപ്പോള്‍ മുഴപ്പിലങ്ങാട് താമസിക്കാരിയുമായ കച്ചേരി മൊട്ടയിലെ ജിഷ(35), കൊട്ടയം പൊയിലിലെ സൂരജ്(28), മുഴപ്പിലങ്ങാട് ശ്രീജ ഹൗസിലെ സംഗീത(19) എന്നിവരെയാണ് പരിക്കുകളോടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കെ.എല്‍ 13 എകെ 66 നമ്പര്‍ ടൊയോട്ട കാറും കെഎല്‍ 18 ഡി 9491 നമ്പര്‍ വാഗണ്‍ ആര്‍ കാറുമാണ് അപകടത്തില്‍ തകര്‍ന്നത്.
ഇന്നലെ ഉച്ചക്ക് 12.45 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കെ.എല്‍ 39 സി 8127 നമ്പര്‍ കണ്ടെയ്‌നറാണ് ടോള്‍ബൂത്തിലേക്ക് ഇടിച്ചു കയറിയത്.
















