തൊടുപുഴ: ബസില്‍ കണ്ടക്ടറെ മര്‍ദ്ദിക്കുന്നതു ചോദ്യം ചെയ്ത പിതാവിനെയും കുട്ടിയെയുമാണ് സാമൂഹ്യവിരുദ്ധര്‍ അകാരണമായി മര്‍ദ്ദിച്ചത്. പുറപ്പുഴ കുന്നത്തേല്‍ ജോഷി(45), മകന്‍ അലന്‍(7) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം പാല-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആപ്പിള്‍ സ്വകാര്യ ബസിലാണ് സംഭവം. വഴിത്തലയില്‍ കുട്ടിയുടെ മുടിവെട്ടിക്കാന്‍ എത്തിയതായിരുന്നു ജോഷി. വഴിത്തല ബസ് സ്‌റ്റോപ്പില്‍ ഓട്ടോയിലെത്തി കാത്തുനിന്ന സംഘം ബസ് നിര്‍ത്തിയപ്പോള്‍ ബസിന്റെ പിന്‍വാതിലൂടെ അകത്തുകയറുകയായിരുന്നു. ആറംഗസംഘം കണ്ടക്ടറെ മര്‍ദ്ദിക്കുന്നതു കണ്ട് ചോദ്യം ചെയ്ത തന്നെ സംഘം മര്‍ദ്ദിക്കുകയും കുട്ടിയെ ചവിട്ടി വീഴ്‌ത്തുകയുമായിരുന്നെന്നും ജോഷി പറഞ്ഞു. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ബസില്‍ നിന്നും കുട്ടിയുമായി പുറത്തിറങ്ങിയ ജോഷിയെ പിന്നെയും സംഘം മര്‍ദ്ദിച്ചു. സമീപത്തുള്ള ബേക്കറിയില്‍ നിന്നും സോഡാകുപ്പിയെടുത്തും ജോഷിയെ അക്രമിക്കാന്‍ സംഘം തുനിഞ്ഞതായും പരാതിയുണ്ട്. ജോഷിയെ അക്രമിക്കുന്നതുകണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഘം പിന്‍വാങ്ങിയത്. അക്രമത്തില്‍ പരിക്കേറ്റ ജോഷിയും മകനും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദ്ദനത്തില്‍ കൈവശമുണ്ടായിരുന്ന തന്റെ 2000 രൂപ നഷ്ടപ്പെട്ടതായി ജോഷി പറഞ്ഞു. പരാതിയില്‍ കരിങ്കുന്നം പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തായും അക്രമിസംഘം സഞ്ചരിച്ചിരുന്ന ഓട്ടോയും സംഘത്തിലൊരാളെയും കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിവരുന്നതായും സംഘത്തെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
















