മാവേലിക്കര: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫിങ് ചെയ്തു വാട്‌സാപ് വഴി പ്രചരിപ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തെക്കേക്കര ഉമ്പര്‍നാട് കളീയ്‌ക്കല്‍ വടക്കതില്‍ നിധിന്‍ സുകുമാരന്‍ (24) ആണു ഇന്നലെ രാവിലെയാണു ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പരിചയത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫിങ് നടത്തി വാട്‌സാപ് വഴി പ്രചരിപ്പിച്ചതായാണു കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയ ശേഷം നിധിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിധിന്റെ ഫോണ്‍ കൈവശപ്പെടുത്തിയ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് നിധിന്റെ ഒരു സുഹൃത്തിനെ ചോദ്യം ചെയ്തതോടെയാണു നിധിന്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത നിധിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സിഐ: പി.ശ്രീകുമാര്‍ പറഞ്ഞു.
















