കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയിലെ ജനവാസ കേന്ദ്രമായ ഓലപാറയില്‍ വനം വകുപ്പധികൃതര്‍ സ്ഥാപിച്ച പുലി കെണിയില്‍ ഒരു പുലിക്കുട്ടി വീണതോടെ മലയോരമേഖല വീണ്ടും പുലി ഭീതിയിലായി.
പലതവണ പുലിയെ നാട്ടുകാര്‍ നേരിട്ടു കണ്ടതായി വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും അവര്‍ വിശ്വസിച്ചിരുന്നില്ല. മേയാന്‍ വിടുന്ന ആട്ടിന്‍പറ്റങ്ങളെ പുലികള്‍ ഭക്ഷണമാക്കുകയും കൂടാതെ വളര്‍ത്തുനായ്ക്കളെ വരെ ഇരയാക്കുകയും ചെയ്യുന്ന സാഹചര്യം വര്‍ധിച്ചു വന്നതോടെയാണ് പുലി കെണി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഒരു പുലിക്ക് കുറഞ്ഞത് അഞ്ചു കുട്ടികള്‍ വരെയുണ്ടാകാമെന്നാണ് വനം വകുപ്പധികൃതര്‍ നല്കുന്ന സൂചന. പുലി കുട്ടി കെണിയില്‍ വീണതോടെ തള്ള പുലിയടക്കമുള്ള സംഘം ജനവാസകേന്ദ്രങ്ങള്‍ക്കു സമീപം തമ്പടിച്ചിട്ടുണ്ടാകാമെന്നും അധികൃതര്‍ സൂചന നല്കുന്നു. ഇതോടെ ജനങ്ങളുടെ ഭീതിയും ഇരട്ടിയായി. നേരത്തേ ഓലപാറക്കു സമീപം ചുള്ളിയോട്, വട്ടമല, വീട്ടിക്കുന്ന്, ഇരിങ്ങാട്ടിരി ഭാഗങ്ങളിലും നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതക്കു സമീപം അരി മണലിലും കുട്ടത്തിയിലെ വിവിധ ഭാഗങ്ങളിലും വെച്ച് പുലിയെ നാട്ടുകാര്‍ നേരിട്ടു കണ്ടിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടത്തിയില്‍ വനം വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ജനങ്ങള്‍ കാണുന്നത് പുലിയല്ല കാട്ടുപൂച്ചയാണന്നാണ് അധികൃതര്‍ വിശദീകരണം നല്കി കൊണ്ടിരുന്നത്. ഓലപാറയില്‍ വനം വകുപ്പധികൃതര്‍ സ്ഥാപിച്ച പുലി കെണിയില്‍ പുലി പെട്ടതോടെ മുതിര്‍ന്ന ആളുകള്‍ വരെ മലയോരത്തെ കൃഷിയിടങ്ങളില്‍ പോകുവാനും ഭയക്കുകയാണ് .പുലിഭീതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ സമീപത്തെ മദ്രസകളില്‍ ഹാജര്‍നില കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: