കോട്ടയം: എറണാകുളം എളമക്കര ഭഗവതീക്ഷേത്രത്തില്‍ സെപ്തംബര്‍ 24മുതല്‍ 30വരെ നടക്കുന്ന അഖിലഭാരത നാരായണീയ മഹാസത്രവേദിയില്‍ പാരായണം ചെയ്യുന്ന നാരായണീയ ഗ്രന്ഥ പ്രയാണം 6ന് രാവിലെ 10ന് പനച്ചിക്കാട് ദക്ഷിണമൂകാംബികാ ക്ഷേത്രത്തില്‍നിന്നും തുടക്കം കുറിക്കും. ക്ഷേത്രം മാനേജര്‍ നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 3ന് പ്രയാണഗ്രന്ഥം ചങ്ങനാശേരി തൃക്കൊടിത്താനം മഹാദേവര്‍ക്ഷേത്രത്തിലേക്ക് പുറപ്പെടും. 7ന് രാവിലെ തൃക്കൊടിത്താനത്ത് സമ്പൂര്‍ണ്ണ നാരായണീയ പാരായണവും ഉച്ചയ്‌ക്ക് 3ന് 1008പേരുടെ രോഗഹരനാരായണീയവും നടക്കും. ഗുരുവായൂര്‍ മേല്‍ശാന്തിയും സത്രം യജ്ഞാചാര്യനുമായ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഭദ്രദീപം തെളിക്കും. വിവിധ ജില്ലകളില്‍ കൂടി കടന്നുപോകുന്ന പ്രയാണ സെപ്തംബര്‍ 23ന് സത്രവേദിയില്‍ എത്തിച്ചേരും. അഖിലഭാരത നാരായണീയ പ്രചാരസഭ സംഘടിപ്പിക്കുന്ന പത്താമത് മഹാസത്രത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട് എന്നിവരാണ് കാര്‍മ്മികത്വം വഹിക്കുന്നത്. സത്രവേദിയിലേക്കുള്ള കൊടിമരഘോഷയാത്ര സെപ്തംബര്‍ 22ന് തൊടുപുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.
















