കൊല്ലം: സംസ്ഥാന ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സെക്രട്ടേറിയറ്റ് സംഘം കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ജില്ലാ കളക്ടര്‍ എ.ഷൈനമോളുമായി കൂടിക്കാഴ്ച നടത്തി. കൊട്ടാരക്കര എസ്‌ഐആര്‍ഡിയാണ് ഇവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നത്. പത്തുപേര്‍ വീതമടങ്ങുന്ന മറ്റു രണ്ടു സംഘങ്ങള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കളക്‌ട്രേറ്റില്‍ വിവിധ വകുപ്പു മേധാവികളുമായും ഇവര്‍ ആശയവിനിമയം നടത്തി. വകുപ്പുകളുടെ പ്രവര്‍ത്തനരീതി, ഉദ്യോഗസ്ഥവിന്യാസം, നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ വകുപ്പു മേധാവികളില്‍ നിന്നും ഇവര്‍ നേരിട്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സംഘം ജില്ലാആശുപത്രി സന്ദര്‍ശിച്ചു.
















