ഗാന്ധിനഗര്‍: ഗര്‍ഭിണിയെ കൊന്ന് ചാക്കില്‍കെട്ടി തള്ളിയ കേസില്‍ ദുരൂഹതകളേറുന്നു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ കൈപ്പുഴ സ്വദേശിനിയാണെന്ന് തുടക്കത്തില്‍ അഭ്യൂഹം പരന്നിരുന്നു. ഇടുക്കി ജില്ലക്കാരിയായ ഒരു സ്ത്രീയേക്കുറിച്ചും അന്വേഷണമുണ്ടായി. എന്നാല്‍ ഇവര്‍ ജീവിച്ചിരിക്കുന്നതായി പിന്നീട് പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സ്ത്രീ അന്യ സംസ്ഥാനക്കാരിയാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവിടെനിന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ സംശയകരമായ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതോടെ മറ്റു ജില്ലകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിരമ്പുഴയ്‌ക്കു സമീപം ഐക്കരകുന്നിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും കൊലപാതകം മറ്റെവിടെയെങ്കിലും വെച്ച് നടത്തിയതായാണ് സൂചന. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരിക അവയവങ്ങള്‍ പരിശോധനയ്‌ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ സിഐയ്‌ക്കാണ് അന്വേഷണചുമതല. മരണകാരണങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















